യുക്രൈനുമായുള്ള യുദ്ധത്തിന് പരിഹാരം തേടാൻ അമേരിക്ക നിർദേശിച്ച 30 ദിവസത്തെ താത്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്ന വ്യക്തമായ സൂചന നൽകി റഷ്യ. വിഷയം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചർച്ച ചെയ്യാനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവൻ വിറ്റ്കോഫ് ഇന്ന് മോസ്‌കോയിൽ എത്തിയിരുന്നു. യുക്രൈന് ആശ്വാസമേകുന്നതാണ് അമേരിക്കയുടെ നിർദ്ദേശമെന്നും ഇത് അംഗീകരിക്കില്ലെന്നും റഷ്യ ഔദ്യോഗികമായി സ്റ്റീവൻ വിറ്റ്കോഫിനെ അറിയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വെടിനിർത്തൽ നിർദേശം യുക്രൈൻ സൈനികർക്ക് ഹ്രസ്വകാല ആശ്വാസം നൽകാനുള്ള അടവാണെന്നാണ് ക്രെംലിൻ പ്രതിനിധി യൂറി ഉഷകോവ് നേരത്തെ പ്രതികരിച്ചിരുന്നു. ഇക്കാര്യം യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാൽട്സിനോട് യൂറി ഉഷകോവ് അറിയിക്കുകയും ചെയ്തു. അമേരിക്ക മുന്നോട്ടുവച്ച 30 ദിവസത്തെ താത്കാലിക വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ റഷ്യ നൽകിയതെന്നാണ് വിലയിരുത്തലുകൾ.
വിഷയത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ സൗദിയിൽ നടന്ന ചർച്ചയിൽ യു എസ് നിർദേശിച്ച വെടിനിർത്തൽ യുക്രൈൻ അധികൃതർ തത്വത്തിൽ അംഗീകരിച്ചിരുന്നു. വെടിനിർത്തൽ സന്നദ്ധത അറിയിച്ചെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. റഷ്യ കൂടി നിബന്ധനകൾ അംഗീകരിച്ചാൽ താത്കാലിക വെടിനിർത്തൽ പരസ്പരം അംഗീകരിച്ച് നീട്ടാമെന്നും യുക്രൈൻ വ്യക്തമാക്കിയിരുന്നു.
തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈൻ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണകൾ പ്രസിഡന്‍റ് സെലൻസ്കിടയക്കമുള്ളവർ അമേരിക്കയോട് ചർച്ച ചെയ്തിട്ടുണ്ട്. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യവും യുക്രൈൻ മുന്നോട്ട് വച്ചിട്ടുണ്ട്. വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ച സാഹചര്യത്തിൽ അമേരിക്ക നിർത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാൻ ട്രംപ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്റലിജൻസ് വിവരങ്ങൾ നിർത്തിവെച്ച അമേരിക്കൻ നടപടിയും പിൻവലിക്കുമെന്നാണ് വിവരം.