ട്രംപ് ചൈനയിലേക്ക്, കുതിച്ചുകയറി സ്വര്‍ണവും ഓഹരിയും

ചൈനയ്ക്കുമേല്‍ പ്രഖ്യാപിച്ച തീരുവ കുറയ്ക്കാന്‍ ട്രംപും, അപൂര്‍വ ധാതുക്കളുടെ (റെയര്‍ എര്‍ത്ത്) കയറ്റുമതി നിയന്ത്രണം ഒഴിവാക്കാന്‍ ചൈനയും തീരുമാനിച്ചിരുന്നു. ഇതിന്റെ 'പ്രോഗ്രസ്' ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തു

author-image
Biju
New Update
trump xi

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപ് അടുത്തവര്‍ഷം ഏപ്രിലില്‍ ചൈന സന്ദര്‍ശിച്ചേക്കും. ഇതിനു മുന്നോടിയായി അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചു. കൂടിക്കാഴ്ചയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ആഴ്ചകള്‍ക്ക് മുന്‍പ് ദക്ഷിണ കൊറിയയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയ്ക്കുമേല്‍ പ്രഖ്യാപിച്ച തീരുവ കുറയ്ക്കാന്‍ ട്രംപും, അപൂര്‍വ ധാതുക്കളുടെ (റെയര്‍ എര്‍ത്ത്) കയറ്റുമതി നിയന്ത്രണം ഒഴിവാക്കാന്‍ ചൈനയും തീരുമാനിച്ചിരുന്നു. ഇതിന്റെ 'പ്രോഗ്രസ്' ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തു.

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് തയാറാക്കിയ പുത്തന്‍ സമാധാന പ്ലാനും ചര്‍ച്ചയായി. ചൈന യുഎസിന്റെ സോയാബീന്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടകാര്യം ട്രംപ് ഓര്‍മിപ്പിച്ചു. ചൈനയുമായുള്ള ബന്ധം ഇപ്പോള്‍ കരുത്തുറ്റതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പിന്നീടെഴുതി. യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഷിയും പറഞ്ഞു.

അതേസമയം റഷ്യയുടെ പ്രധാന ക്രൂഡ് ഓയില്‍ ഇനമായ യൂറല്‍സിന് വിപണിവിലയേക്കാള്‍ 7 ഡോളര്‍ വരെ ഡിസ്‌കൗണ്ടാണ് വാഗ്ദാനം. കഴിഞ്ഞ 2 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ഓഫറാണിത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ റഷ്യയിലെ ഏറ്റവും വമ്പന്‍ എണ്ണ കയറ്റുമതിക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഏറക്കുറെ അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ ഓഫര്‍ തന്ത്രം.

ഡിസംബറിലേക്കും ജനുവരിയിലേക്കുമുള്ള ഇറക്കുമതിക്കാണ് ഓഫര്‍ വാഗ്ദാനം. ഉപരോധത്തിന് മുന്‍പ് റഷ്യ നല്‍കിയിരുന്ന ഓഫര്‍ ബാരലിന് 3 ഡോളര്‍ വരെയായിരുന്നു. റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയെ ഒഴിവാക്കി, ഉപരോധം ബാധകമല്ലാത്ത റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും കാര്യമായ ഇറക്കുമതിയില്ല. റഷ്യയില്‍ നിന്ന് ലഭിച്ചിരുന്ന എണ്ണയുടെ അഞ്ചിലൊന്ന് പോലും ഇത്തരം കമ്പനികളില്‍നിന്ന് കിട്ടുന്നില്ല.

റഷ്യയെ ഒഴിവാക്കി ഗള്‍ഫ്, പടിഞ്ഞാറന്‍ ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയാണ് ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായും വാങ്ങുന്നത്. ഇറക്കുമതി വേണ്ടെന്നുവച്ച ഇന്ത്യയുടെ നിലപാട് റഷ്യയ്ക്ക് കനത്ത അടിയായിട്ടുണ്ട്. നവംബറിലെ എണ്ണകയറ്റുമതി വരുമാനത്തില്‍ 35 ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്ന് റഷ്യ സ്വയം വിലയിരുത്തിക്കഴിഞ്ഞു. ഒക്ടോബറിലെ 27% ഇടിവിനേക്കാള്‍ വലിയ ആഘാതം.

റഷ്യയുടെ മൊത്തം കയറ്റുമതി വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ക്രൂഡ് ഓയില്‍ വില്‍പനയാണ്. ഇതിനാണ് യൂറോപ്യന്‍ യൂണിയനും യുഎസും ഉപരോധപ്പൂട്ടിട്ടത്. റഷ്യയുടെ വരുമാനവഴി അടച്ച്, യുക്രെയ്‌നെതിരായ യുദ്ധത്തില്‍നിന്ന് പിന്മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. കരിങ്കടല്‍ വഴിയുള്ള റഷ്യന്‍ എണ്ണയുടെ വില കഴിഞ്ഞയാഴ്ച ബാരലിന് വെറും 36.61 ഡോളറിലേക്ക് നിലംപൊത്തിയതും റഷ്യയ്ക്ക് പിടിച്ചുലച്ചിട്ടുണ്ട്.