പുടിന്‍ മോദിയെ കണ്ടതിന് പിന്നാലെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വില കുറച്ച് റഷ്യ

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം ഇറക്കുമതി തീരുവ കഴിഞ്ഞയാഴ്ച ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

author-image
Biju
New Update
modi 2

മോസ്‌കോ: യുഎസിന്റെ പ്രതികാര നടപടികള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കിഴിവ് പ്രഖ്യാപിച്ച് റഷ്യ. ക്രൂഡ് ഓയില്‍ ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെ വിലക്കിഴിവാണ് റഷ്യ വരുത്തിയത്. റഷ്യയില്‍ നിന്ന് സെപ്റ്റംബറിലും ഒക്ടോബറിലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന യുരാള്‍ ഗ്രേഡില്‍പ്പെട്ട ക്രൂഡ് ഓയിലിന് വിലക്കിഴിവ് ഇതിനകം ചുമത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം ഇറക്കുമതി തീരുവ കഴിഞ്ഞയാഴ്ച ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ളത് 'വിശിഷ്ടമായ' ബന്ധമാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എണ്ണ വിറ്റു നേടുന്ന പണമാണ് റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് ഇന്ത്യ റഷ്യയോടും ചൈനയോടും ചേര്‍ന്ന് യുഎസിനെ പ്രതിരോധിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ദേശീയ താല്‍പര്യമാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയങ്ങള്‍ തീരുമാനിക്കുന്നതെന്നും മികച്ച കരാര്‍ ലഭിക്കുന്നിടത്തുനിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്നും ഇന്ത്യ മറുപടി നല്‍കിയിരുന്നു. ഓഗസ്റ്റിന്റെ തുടക്കത്തില്‍ എണ്ണ ഇറക്കുമതിയില്‍ ചെറിയ ഇടവേളയുണ്ടായെങ്കിലും അതിനുശേഷം റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ കമ്പനികള്‍ പുനരാരംഭിച്ചിരുന്നു.

pm narendramodi