/kalakaumudi/media/media_files/2025/10/27/putin-new-2025-10-27-10-03-52.jpg)
മോസ്‌കോ: യുക്രെയ്‌നിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വില്‍പനയെ ചൊല്ലിയും പാശ്ചാത്യ ശക്തികളുമായി ഇടഞ്ഞു നില്‍ക്കവേ, പുതിയ ആണവ മിസൈല്‍ പരീക്ഷിച്ച് റഷ്യ. 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്‌നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ഞായറാഴ്ച റഷ്യന്‍ സൈനിക ജനറല്‍ വലേറി ജെറോസിമോവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൈനികവേഷത്തിലാണ് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പങ്കെടുത്തത്. ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത ആയുധമാണിതെന്ന് പുട്ടിന്‍ പറഞ്ഞു.
ശക്തിയേറിയ ആണവ മിസൈല്‍ 15 മണിക്കൂറോളം വായുവില്‍ പറക്കാന്‍ ശേഷിയുള്ളതാണെന്നു വലേറി ജെറോസിമോവ് പുട്ടിനെ അറിയിച്ചു. ഒക്ടോബര്‍ 21നായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഏതൊരു പ്രതിരോധത്തെയും മറികടക്കാന്‍ ശേഷിയുള്ളതാണ് ബ്യൂറെവെസ്റ്റ്‌നിക് മിസൈലെന്ന് റഷ്യ അവകാശപ്പെട്ടു. പാശ്ചാത്യ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് റഷ്യ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി യുഎസ് റഷ്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്.
യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യ തയാറായില്ലെങ്കില്‍ യുദ്ധത്തിന്റെ ഗതിമാറ്റാന്‍ ശേഷിയുള്ള ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ യുക്രെയ്‌നു കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായി കൂടിയാണ് വാഷിങ്ടണ്‍ ഉള്‍പ്പെടെ ആക്രമണപരിധിയില്‍ വരുന്ന ആണവ മിസൈല്‍ റഷ്യ പരീക്ഷിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
