റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച; അധിനിവേശ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദേശം ഏറ്റവും ബുദ്ധിമുട്ടുള്ളതെന്ന് സെലന്‍സ്‌കി

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുക്രൈന്‍ പ്രതിനിധി സംഘം ഫ്‌ലോറിഡയില്‍ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

author-image
Biju
New Update
zela 3

പാരീസ്: നാലു വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളില്‍ അധിനിവേശ പ്രദേശങ്ങളുടെ കാര്യമായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. റഷ്യ പിടിച്ചെടുത്ത കിഴക്കന്‍ ഡോണ്‍ബാസ് അടക്കമുള്ള മേഖലകള്‍ യുക്രൈന്‍ വിട്ടുകൊടുക്കണമെന്ന റഷ്യയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും, ഓണ്‍ലൈനായി മറ്റു യൂറോപ്യന്‍ നേതാക്കളുമായും പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈന്റെ പരമാധികാരവും ശക്തമായ സുരക്ഷാ ഉറപ്പുകളും ആണ് സമാധാന ചര്‍ച്ചകളിലെ പ്രധാന മുന്‍ഗണനകളെന്നും അദ്ദേഹം പറഞ്ഞു. പ്രദേശങ്ങളുടെ കാര്യമാണ് ചര്‍ച്ചകളില്‍ ഏറ്റവും കടുപ്പമേറിയ വിഷയം എന്ന് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുക്രൈന്‍ പ്രതിനിധി സംഘം ഫ്‌ലോറിഡയില്‍ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ വിശ്വസ്തനും പ്രത്യേക ദൂതനുമായ സ്റ്റീവ് വിറ്റ്കോഫ് ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നറും ഒപ്പമുണ്ടാകും. യുക്രൈന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയുടെ വിവരങ്ങള്‍ ഇവര്‍ പുടിനെ അറിയിക്കുമെന്നാണ് സൂചന.

ഇതിനിടെ, കിഴക്കന്‍ യുക്രൈനിലെ പോക്രോവ്‌സ്‌ക് നഗരം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഇത് സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിച്ചേക്കാം. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചിരിക്കുന്നത്.