റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമാകുന്നു ;റഷ്യക്കെതിരെ ദീർഘ ദൂര മിസൈലുകൾ പ്രയോഗിച്ച് യുക്രൈൻ

1000 ദിവസം പിന്നിടുമ്പോള്‍, റഷ്യ-യുക്രൈന്‍ യുദ്ധം അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുന്നു. യുഎസിന്റെ ദീര്‍ഘ ദൂര മിസൈലുകള്‍ യുക്രൈന്‍, റഷ്യക്കെതിരെ പ്രയോഗിച്ചതാണ് റഷ്യന്‍ പ്രസിഡന്റ് പുടിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

author-image
Rajesh T L
New Update
gh

1000 ദിവസം പിന്നിടുമ്പോള്‍,റഷ്യ-യുക്രൈന്‍ യുദ്ധം അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുന്നു.യുഎസിന്റെ ദീര്‍ഘ ദൂര മിസൈലുകള്‍ യുക്രൈന്‍, റഷ്യക്കെതിരെ പ്രയോഗിച്ചതാണ് റഷ്യന്‍ പ്രസിഡന്റ് പുടിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. അധികാരം ഒഴിയും മുമ്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ദീര്‍ഘ ദൂര മിസൈലുകള്‍ പ്രയോഗിക്കാനുള്ള അനുമതി നല്‍കിയത്. ഇതാണ് യുദ്ധം വഷളാക്കിയത്.

റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് യുക്രൈന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്.റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 3.25നായിരുന്നു ആക്രമണം.5 മിസൈലുകള്‍ ആക്രമിച്ചുതകര്‍ത്തതായും മറ്റൊന്ന് തകര്‍ന്നുവീണതായും റഷ്യ അറിയിച്ചു.തകര്‍ന്ന മിസൈലിന്റെ ഭാഗങ്ങള്‍ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റഷ്യന്‍ വ്യോമ പ്രതിരോധ സേന അറിയിച്ചത്. 

റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ യുക്രെയ്ന്‍ ആദ്യമായാണ് ദീര്‍ഘദൂര അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്.റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഗതി മാറ്റുന്ന തീരുമാനമാണ് യുഎസിന്റെ ഭാഗത്തുനിന്നുണ്ടായത്. റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് നയത്തിലുണ്ടായ നിര്‍ണായ വ്യതിയാനവുമായിരുന്നു ആ തീരുമാനം.

യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.ഇതിനിയിലുണ്ടായ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ഏറെ വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്. 

യുക്രൈന്റെ ആക്രമണത്തിനു പിന്നാലെ റഷ്യയില്‍ നിന്ന് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.ആണവായുധം ഉപയോഗിക്കാനുള്ള നയത്തില്‍ റഷ്യ മാറ്റം വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇതു സംബന്ധിച്ച മുന്നറിയിപ്പ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് റഷ്യ നല്‍കിയിരുന്നു. റഷ്യയില്‍ അമേരിക്കയുടെയോ ബ്രിട്ടന്റേയൊ ഫ്രാന്‍സിന്റെയോ ദീര്‍ഘ ദൂര ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അനുമതി നല്‍കിയാല്‍ ആ നാറ്റോ അംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും എന്നായിരുന്നു പുടിന്റെ മുന്നറിയിപ്പ്. 

ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈന് നല്‍കുന്നതിനെതിരെ റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പുടിന്‍ ആണവായുധ ഉപയോഗ നയത്തില്‍ മാറ്റം വരുത്തിയത് അതുകൊണ്ടുതന്നെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ആണവായുധം പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ ഇനി പുടിന് സാധിക്കും.രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ പുടിന്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല എന്ന വിലയിരുത്തലാണുള്ളത്. 

ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ആണവായുധം പ്രയോഗിക്കും എന്ന വ്യക്തമായ താക്കീതാണ് ഇതിലൂടെ പുടിന്‍ നല്‍കിയിരിക്കുന്നത്.പുതിയ സംഭവ വികാസങ്ങളെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്.റഷ്യയുടെ വ്യോമാക്രമണമുണ്ടാകുമെന്ന രഹസ്യ മുന്നറിയിപ്പിനെ തുടര്‍ന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലെ യുഎസ് എംബസി അടച്ചുപൂട്ടിയെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. എംബസി ജീവനക്കാരോട് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.യുക്രൈനിലെ യുഎസ് പൗരന്മാരോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും എംബസി അഭ്യര്‍ത്ഥിച്ചു.

russian soldiers russiaukrinewar Russian army russia ukrain conflict