റഷ്യ-യുക്രൈന്‍ യുദ്ധം അപകടകരമായ നിലയിലേക്ക് കടക്കുന്നു. യുഎസ് നിര്‍മിത ദീര്‍ഘ ദൂര മിസൈല്‍ കഴിഞ്ഞ ദിവസം റഷ്യയെ ലക്ഷ്യമിട്ട് തൊടുത്തിവിട്ടിരുന്നു. ഇതാണ് 1000 ദിവസം നീണ്ട യുദ്ധത്തില്‍ റഷ്യയെ ഏറെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. പിന്നാലെ ആണവ യുദ്ധത്തിന് റഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു.യുക്രൈന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് റഷ്യ.യുക്രെയ്ന്‍ നഗരമായ നിപ്രോയിലേക്ക് ഭൂഖണ്ഡാന്തര മിസൈല്‍ റഷ്യ പ്രയോഗിച്ചിരിക്കുന്നു.ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ആദ്യമായാണ് യുദ്ധത്തില്‍ ഈ മിസൈല്‍ ഉപയോഗിക്കുന്നത്.
ഇത് ഭൂഖണ്ഡാന്തര മിസൈലാണെന്ന് സംശയിക്കുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.പിന്നീട് യുക്രെയ്ന്‍ വ്യോമസേന ഇക്കാര്യം സ്ഥിരീകരിച്ചു.റഷ്യയിലെ ആസ്ട്രഖാന്‍ മേഖലയില്‍ നിന്നു തൊടുത്ത മിസൈല്‍ 700 കിലോമീറ്റര്‍ പിന്നിട്ടാണ് നിപ്രോയിലെത്തിയത്. ആക്രമണത്തില്‍ വ്യവസായ സ്ഥാപനം തകരുകയും തീപടരുകയും ചെയ്തു.ആര്‍എസ്26 റുബേഷ് എന്ന ഭൂഖണ്ഡാന്തര മിസൈലാണിതെന്നാണ് റിപ്പോര്‍ട്ട്.12 വര്‍ഷം മുന്‍പാണ് റഷ്യ ആദ്യമായി ഈ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. മിസൈലിന് 12 മീറ്റര്‍ നീളവും 36 ടണ്‍ ഭാരവുമുണ്ട്.ഇതിന് 800 കിലോഗ്രാം ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട്.ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തിനു നേരെ ഇത്തരം മിസൈല്‍ റഷ്യ പ്രയോഗിക്കുന്നത്.പുതുക്കിയ ആണവ നയ രേഖയില്‍ പുടിന്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് യുക്രൈന്‍ ലക്ഷ്യമാക്കിയുള്ള റഷ്യയുടെ ആക്രമണം.യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങള്‍ക്കമുള്ള ശക്തമായ മുന്നറിയിപ്പായാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് വിലയിരുത്തല്‍.പരമ്പരാഗതമായി ആണവ ആയുധങ്ങള്‍ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍. മറ്റ് ആയുധങ്ങളും ഇവയ്ക്ക് വഹിക്കാനാകും. രാസായുധമായും ജൈവായുധമായും മിസൈല്‍ പ്രയോഗിക്കാനാകും. മിസൈല്‍ യുക്രൈനില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായാണ് വ്യാഴാഴ്ച രാവിലെ യുക്രൈന്‍ വ്യോമസേന പ്രസ്താവനയില്‍ പറയുന്നത്.ഭൂഖണ്ഡാന്തര മിസൈലിനു പുറമേ ഹൈപര്‍സോണിക് മിസൈലുകളും ക്രൂസ് മിസൈലുകളും റഷ്യ യുക്രെയ്‌നിലേക്കു തൊടുത്തതായി റിപ്പോട്ടുകളില്‍ പറയുന്നു.യുക്രെയ്ന്‍ റഷ്യയിലേക്കു യുഎസ്,ബ്രിട്ടിഷ് മിസൈലുകള്‍ തൊടുത്തിരുന്നു.തുടര്‍ന്നാണ് യുക്രെയ്‌നെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പ് പുടിന്‍ നല്‍കിയത്.മാത്രമല്ല,പുട്ടിന്‍ റഷ്യയുടെ ആണവായുധ നയം തിരുത്തിയത് ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി. യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് മിസൈലുകള്‍ പ്രയോഗിച്ചാല്‍ പാശ്ചാത്യസഖ്യം യുക്രെയ്‌നില്‍ നേരിട്ട് ഇടപെട്ടതായി കണക്കാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു .
അതായത്,ഈ രാജ്യങ്ങള്‍ക്കെതിരെയും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന സൂചനയാണ് പുടിന്‍ നല്‍കിയിരിക്കുന്നത്.ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കുമെന്നായിരുന്നു ആണവനയത്തിലെ മാറ്റം.സുപ്രധാനമായ അത്തരം ആക്രമണങ്ങള്‍ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.മാസങ്ങളായി തുടരുന്ന റഷ്യയു-ക്രെയ്ന്‍ യുദ്ധം അതീവ ഗുരുതരമായ സംഘര്‍ഷാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.