വിമാനാപകടത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് റഷ്യ

67 യാത്രക്കാരുമായി ബാക്കുവില്‍നിന്ന് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയിലേക്ക് യാത്രതിരിച്ച എംബ്രയര്‍ 190 വിമാനമാണ് തകര്‍ന്നത്.

author-image
Prana
New Update
azerbaijan plane

അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് റഷ്യ അസര്‍ബെയ്ജാന് ഉറപ്പുനല്‍കി. റഷ്യ ഇക്കാര്യത്തില്‍ വാക്കുനല്‍കിയതായി അസര്‍ബെയ്ജാനിലെ ജനറല്‍ പ്രോസിക്യൂട്ടറെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നാണ് റഷ്യയുടെ അന്വേഷണ സമിതി അസര്‍ബെയ്ജാന് നല്‍കിയിരിക്കുന്ന ഉറപ്പ്.
റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്‍ബെയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്‌സ്താനില്‍ തകര്‍ന്നുവീണതെന്ന് അസര്‍ബെയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ആരോപിച്ചിരുന്നു. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും കുറ്റം സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യന്‍ മേഖലയില്‍വെച്ച് ദാരുണമായ സംഭവം നടന്നതിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ മാപ്പ് പറഞ്ഞതിനു പിന്നാലെയാണ് അസര്‍ബയ്ജാന്‍ പ്രസിഡന്റിന്റെ പ്രതികരണം. 67 യാത്രക്കാരുമായി അസര്‍ബെയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയിലേക്ക് ബുധനാഴ്ച യാത്രതിരിച്ച എംബ്രയര്‍ 190 വിമാനമാണ് തകര്‍ന്നത്. കസാഖ്‌സ്താനിലെ അക്താവുവിനടുത്താണ് ദുരന്തമുണ്ടായത്.
ഗ്രോസ്‌നിയില്‍ എത്തുംമുമ്പ് കസാഖ്‌സ്താനിലേക്ക് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. യുക്രൈന്‍ ആക്രമണവും മൂടല്‍മഞ്ഞും കാരണമാണ് അക്താവുവിലേക്ക് വിമാനം തിരിച്ചുവിടാന്‍ പൈലറ്റ് തീരുമാനിച്ചതെന്ന് റഷ്യന്‍ വ്യോമയാന ഏജന്‍സി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ബുധനാഴ്ച യുക്രൈന്‍ ഗ്രോസ്‌നിയില്‍ കടുത്ത ഡ്രോണാക്രമണം നടത്തിയതിനാല്‍ തങ്ങളുടെ വ്യോമപ്രതിരോധസംവിധാനം സജീവമായിരുന്നെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. അതേസമയം വിമാനം വെടിവെച്ചിട്ടെന്ന് സമ്മതിക്കാനോ ഉത്തരവാദിത്തമേല്‍ക്കാനോ റഷ്യ തയ്യാറായിട്ടില്ല.

Azerbaijan plane crash russia