പാറക്കെട്ടില്‍ യോഗക്കിടെ തിരയില്‍പെട്ട് റഷ്യന്‍ നടിക്ക് ദാരുണാന്ത്യം

കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 24കാരിയായ കാമില കൂറ്റന്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

author-image
Prana
New Update
russian actress

തായ്‌ലന്‍ഡില്‍ അവധി ആഘോഷത്തിനിടെ പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുകയായിരുന്ന റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയയ്ക്ക് കൂറ്റന്‍ തിരയിലകപ്പെട്ട് ദാരുണാന്ത്യം. കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 24കാരിയായ കാമില കൂറ്റന്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ദ്വീപിലെത്തിയ കാമില യോഗ മാറ്റ് വിരിച്ച് പാറക്കെട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് തിരമാല ആഞ്ഞടിച്ചത്. കടലില്‍ വീണ നടിയെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
15 മിനിറ്റിനുള്ളില്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയായതിനാല്‍ നടിയെ കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തി. യോഗ മാറ്റ് കടലിലൂടെ ഒഴുകി നടക്കുന്നതും വീഡിയോയില്‍ കാണാം.
നേരത്തേയും തായ്‌ലന്‍ഡ് സന്ദര്‍ശിച്ചിരുന്ന കാമിലയുടെ ഇഷ്ടസ്ഥലമായിരുന്നു ഈ ദ്വീപ്. ഇതേ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്ന ചിത്രം അവര്‍ കുറച്ച് കാലം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്ഥലം, എന്റെ വീട് എന്നെല്ലാമാണ് ഈ സ്ഥലത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത്. ഈ കടല്‍തീരമാണ് താന്‍ ജീവിതത്തില്‍ കണ്ടതില്‍ ഏറ്റവും മനോഹരമായ സ്ഥലമെന്നും ഇവിടെ എത്തിച്ചതില്‍ ലോകത്തോട് ഒരുപാട് നന്ദിയുണ്ടെന്നും അന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

 

died russian actress Thailand high waves