അമേരിക്കയില്‍ ആക്രമണം നടതത്തുമെന്ന കടുത്ത ഭീഷണിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനിടെയാണ് ആയിരക്കണക്കിന് നിഗൂഢ ഡ്രോണുകള്‍ അമേരിക്കന്‍ ആകാശത്ത് കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, മെരിലാന്‍ഡ് എന്നിവിടങ്ങളിലായാണ് വ്യാപകമായി ഡ്രോണുകള്‍ കണ്ടെത്തിയത്.
ഡ്രോണുകള്‍ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെ ജോ ബൈഡന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സംഭവത്തിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഡ്രോണുകള്‍ വെടിവച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സ്വന്തം പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
സംഭവത്തില്‍ സുതാര്യത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തുടനീളം ദുരൂഹമായ ഡ്രോണുകളുടെ ദൃശ്യങ്ങള്‍ കാണുകയാണെന്നും ഭരണകൂടത്തിന്റെ അറിവില്ലാതെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നുമാണ് ട്രംപ് പറയുന്നത്. റഷ്യയ്ക്കല്ലാതെ ഇതിന് ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
യുക്രെയ്‌നെയും അമേരിക്കയെയും ആക്രമിക്കുമെന്ന പുടിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് കരുതിയാലും തെറ്റില്ല. കാരണം അമേരിക്കയ്ക്ക് മുകളില്‍ ഡ്രോണ്‍ പറത്തിയതിന് പിന്നാലെ യുക്രെയ്‌നില്‍ കടുത്ത ആക്രമണമാണ് റഷ്യ നടത്തിയിരിക്കുന്നത്.യുദ്ധത്തില്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന യുക്രെയ്ന്‍ നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയാണ് റഷ്യയുടെ ഈ അക്രമണം.ഈ വര്‍ഷം യുക്രെയ്‌നിലെ ഊര്‍ജ്ജ സംവിധാനത്തില്‍ റഷ്യ നടത്തിയ 12-ാമത്തെ വലിയ ആക്രമണം നിരവധി യുക്രേനിയന്‍ പ്രദേശങ്ങളിലെ വൈദ്യുതി പ്രവര്‍ത്തനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ദശലക്ഷക്കണക്കിന് സിവിലിയന്‍മാര്‍ക്ക് വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു.
ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതായി യുക്രെയ്നിന്റെ വ്യോമസേന മുന്നറിയിപ്പ് നല്‍കിയതിനാല്‍ തലസ്ഥാനമായ കീവിലെ തെരുവുകളെല്ലാം ശൂന്യമായിരുന്നു. ആക്രമണത്തിന്റെ ഫലമായി രാജ്യത്തുടനീളം അടിയന്തരമായി വൈദ്യുതി നിര്‍ത്തലാക്കുകയാണെന്ന് യുക്രെയ്‌നിലെ എനര്‍ജി ഗ്രിഡ് ഓപ്പറേറ്ററായ യുക്രെനെര്‍ഗോ അറിയിച്ചു. അതേസമയം, അടുത്ത മാസങ്ങളില്‍ റഷ്യയുടെ സൈന്യം യുക്രെയ്നിന് നേരെ ബോംബാക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം അതിന്റെ മൂന്നാം ശീതകാലത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം വളരെ അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
കഴിഞ്ഞ മാസം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയിനിന്റെ ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചറികള്‍ക്ക് നേരെ ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ ഒരു നഗരത്തിന് നേരെ ആറ് അമേരിക്കന്‍ നിര്‍മ്മിത എടിഎസിഎംഎസ് ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുപയോഗിച്ച് യുക്രെയ്ന്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും പുതിയ ആക്രമണം യുക്രെയിനില്‍ അരങ്ങേറിയത്.
അതെ സമയം, ടാഗന്റോഗ് നഗരത്തിന് സമീപമുള്ള സൈനിക വ്യോമതാവളത്തില്‍ അടുത്തിടെ യുക്രെയ്ന്‍ നടത്തിയ എടിഎസിഎംഎസ് ആക്രമണത്തിന് മറുപടിയായാണ് നിര്‍ണായകമായ യുക്രേനിയന്‍ സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഒറ്റ രാത്രികൊണ്ട് മിസൈല്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒറ്റരാത്രികൊണ്ട് നടത്തിയ പ്രത്യാക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും,ലക്ഷ്യമിട്ട എല്ലാ യുക്രേനിയന്‍ സൗകര്യങ്ങളും തകര്‍ത്തതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.