സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ റഷ്യന്‍ നീക്കം

റഷ്യ വികസിപ്പിക്കുന്ന ആയുധം സോണ്‍ ഇഫക്ട് എന്നാണറിയപ്പെടുന്നത്. ആയിരക്കണക്കിന് പെല്ലറ്റുകള്‍ ഒരേസമയം അയച്ച് ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതാണ് പദ്ധതി.

author-image
Biju
New Update
PUTIN

മോസ്‌കോ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2 നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണവിഭാഗമാണ് ഇതിനുള്ള ആയുധം റഷ്യ വികസിപ്പിച്ചെടുത്തുവെന്ന സംശയം ഉന്നയിച്ചത്. ബഹിരാകാശ മേഖലയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള ആധിപത്യം യുക്രെയ്‌ന് യുദ്ധത്തില്‍ സഹായമാകുന്നതാണ് റഷ്യയെ ചൊടിപ്പിക്കുന്നത്. റഷ്യയുടെ നീക്കം ബഹിരാകാശ മേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്ന് വിദഗ്ധര്‍ പറയുന്നു. ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല. 

റഷ്യ വികസിപ്പിക്കുന്ന ആയുധം സോണ്‍ ഇഫക്ട് എന്നാണറിയപ്പെടുന്നത്. ആയിരക്കണക്കിന് പെല്ലറ്റുകള്‍ ഒരേസമയം അയച്ച് ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതാണ് പദ്ധതി. മില്ലീമീറ്റര്‍ വലിപ്പം മാത്രമുള്ളതിനാല്‍ ഈ പെല്ലറ്റുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ എളുപ്പമല്ല. ഭൂമിയില്‍ നിന്ന് 550 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത്. 

യുക്രെയ്ന്‍ സൈന്യം എതിരാളിയുടെ താവളങ്ങള്‍ കണ്ടെത്തുന്നതിനും ആശയവിനിമയം നിരീക്ഷിക്കുന്നതിനും സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് റഷ്യ ആരോപിക്കുന്നത്. യുക്രെയ്‌നെ സഹായിക്കുന്ന ഉപഗ്രഹങ്ങള്‍ നശിപ്പിക്കുമെന്ന് പലവട്ടം റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.