/kalakaumudi/media/media_files/2025/08/30/modi-2025-08-30-09-15-33.jpg)
മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ക്രെംലിന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ക്രെംലിന്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് ആണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്ത സ്ഥിരീകരിച്ചത്. കൂടാതെ തിങ്കളാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പുടിനും കൂടിക്കാഴ്ച നടത്തുമെന്നും യൂറി ഉഷാക്കോവ് അറിയിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് ശേഷമുള്ള ആദ്യ മോദി-പുടിന്‍ കൂടിക്കാഴ്ചയാണ് ചൈനയില്‍ വച്ച് നടക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡണ്ടും തമ്മില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കയുടെ താരിഫ്, ഉപരോധ നയങ്ങളുടെ സാഹചര്യത്തില്‍ നിര്‍ണായകമാണ് ചൈനയില്‍ വച്ച് നടക്കുന്ന ഇന്ത്യ-റഷ്യ-ചൈന കൂടിക്കാഴ്ച.
ഈ വര്‍ഷം അവസാനം നടക്കുന്ന വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റ് പുടിനെ ക്ഷണിച്ചിരുന്നു. പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ക്രെംലിന്‍ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.