/kalakaumudi/media/media_files/2025/03/27/u7M9xKE1IBbNwsu8FS3t.jpg)
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം ടെലിവിഷന്‍ പ്രസംഗത്തില്‍ സ്ഥിരീകരിച്ചു.
തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. ഇനി റഷ്യയുടെ ഊഴമാണെന്നും പുടിന്റെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സന്ദര്‍ശനം നടക്കാന്‍ സാധ്യതയുള്ള മാസമോ തീയതിയോ അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ വര്‍ഷം റഷ്യ സന്ദര്‍ശിച്ച വേളയില്‍ പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റിനെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നു.
2022 ഫെബ്രുവരിയില്‍ യുക്രൈനിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രസിഡന്റ് പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യയും റഷ്യയും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിലധികം ഇരട്ടിയാക്കാനും സമ്മതിച്ചിട്ടുണ്ട്.