/kalakaumudi/media/media_files/2025/07/31/rs-2025-07-31-13-22-12.jpg)
മോസ്‌കോ : കംചത്ക ഉപദ്വീപിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിനും തുടര്‍ന്നുണ്ടായ സുനാമിക്ക് ശേഷം മറ്റൊരു പ്രകൃതി ദുരന്തത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് റഷ്യ. പുതുതായി ഒരു അഗ്‌നിപര്‍വത സ്‌ഫോടനമാണ് റഷ്യയില്‍ ഉണ്ടായിരിക്കുന്നത്. യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ ക്ല്യൂചെവ്‌സ്‌കോയ് അഗ്‌നിപര്‍വ്വതം ബുധനാഴ്ച വൈകിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു.
അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് വലിയൊരു അഗ്‌നിജ്വാല ആളുകയും തിളങ്ങുന്ന ലാവ പുറത്തേക്ക് ഒഴുകുകയും ചെയ്തതായി റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഫാര്‍ ഈസ്റ്റേണ്‍ ബ്രാഞ്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൊട്ടിത്തെറിയില്‍ അഗ്‌നിപര്‍വ്വതം സമുദ്രനിരപ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചാരം പുറപ്പെടുവിച്ചു. ഇത് 58 കിലോമീറ്റര്‍ വരെ ദൂരം വ്യാപിച്ചിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1952 ന് ശേഷം ഈ മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇന്ന് റഷ്യയില്‍ ഉണ്ടായത്. 19.3 കിലോമീറ്റര്‍ ആഴത്തില്‍ ആയിരുന്നു ഭൂകമ്പം ഉണ്ടായത്. കാംചാറ്റ്സ്‌കിക്ക് 119 കിലോമീറ്റര്‍ തെക്കുകിഴക്കായി ഒന്നര ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്ന ഒരു മേഖലയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന് തൊട്ടു പിന്നാലെ തന്നെ റഷ്യയിലും ജപ്പാനിലും ഹവായി ദ്വീപുകളിലും വലിയ സുനാമി ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനവും ഉണ്ടായിരിക്കുന്നത്.