/kalakaumudi/media/media_files/2024/11/21/D8EKmXzPrsLwrJdfLL2N.jpg)
പുതുക്കിയ ആണവനയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചതിന് പിന്നാലെ യുക്രൈന്‍ ലക്ഷ്യമാക്കി റഷ്യന്‍ ആക്രമണം. യുക്രൈനെതിരേ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു. യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങള്‍ക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണം.
പരമ്പരാഗതമായി ആണവ ആയുധങ്ങള്‍ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍. അതേസമയം മറ്റ് ആയുധങ്ങളും ഇവയ്ക്ക് വഹിക്കാനാകും. ഇത് ആദ്യമായാണ് യുക്രൈന്‍ ലക്ഷ്യമാക്കി റഷ്യ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിക്കുന്നത്.
നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ മിസൈലുകള്‍ വിക്ഷേപിച്ചതായി വ്യാഴാഴ്ച രാവിലെ യുക്രൈന്‍ വ്യോമസേന പ്രസ്താവന പുറത്തുവിട്ടിരുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഒഴിഞ്ഞുമാറി. ഇതേക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.
യുെ്രെകന്‍യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി പുതുക്കിയ ആണവനയരേഖയില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിര്‍ണായകതീരുമാനം.
ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം 'സംയുക്ത ആക്രമണ'മായി കണക്കാക്കുമെന്നും നയരേഖയില്‍ പറയുന്നു.