/kalakaumudi/media/media_files/2025/12/16/sydney-2025-12-16-20-11-36.jpg)
സിഡ്‌നി: സിഡ്നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളില്‍ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി. സാജിദും മകന്‍ നവീദ് അക്രവുമാണ് ആക്രമണത്തിനു പിന്നില്‍. 27 വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ ഹൈദരാബാദില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം.
ഹൈദരാബാദില്‍ ബി കോം ബിരുദം പൂര്‍ത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് യൂറോപ്യന്‍ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്. മകന്‍ നവീദ് അക്രവും മകളും ഓസ്ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്ട്രേലിയന്‍ പൗരന്മാരാണ്. ഇന്ത്യയിലെ ബന്ധുക്കളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ 27 വര്‍ഷമായി ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം 6 തവണയാണ് ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സന്ദര്‍ശനങ്ങള്‍. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.
ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുന്‍പ് സാജിദിന്റെ പേരില്‍ കേസോ സംശയാസ്പദനമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് തെലങ്കാന പൊലീസ് പറയുന്നത്. സാജിദിനെ സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ തീവ്ര ചിന്താഗതികളെപ്പറ്റി അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണു അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
