ജപ്പാന് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി; ഇനി സനേ തകായിച്ചി ഭരിക്കും

കഴിഞ്ഞ മാസമാണ് എല്‍ഡിപി പ്രസിഡന്റും ജപ്പാന്‍ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. ശക്തമായ മത്സരത്തിനൊടുവില്‍ വലതുപക്ഷ ലിബറല്‍ പാര്‍ട്ടി നേതാവ് 64 കാരിയായ സനേ തകായിച്ചി തിരഞ്ഞെടുക്കപെടുകയായിരുന്നു

author-image
Biju
New Update
jappan

ടോക്യോ : ജപ്പാനില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) നേതാവായ മുന്‍ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി ആണ് അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബര്‍ 15 ന് അവര്‍ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും.

കഴിഞ്ഞ മാസമാണ് എല്‍ഡിപി പ്രസിഡന്റും ജപ്പാന്‍ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. ശക്തമായ മത്സരത്തിനൊടുവില്‍ വലതുപക്ഷ ലിബറല്‍ പാര്‍ട്ടി നേതാവ് 64 കാരിയായ സനേ തകായിച്ചി തിരഞ്ഞെടുക്കപെടുകയായിരുന്നു. മുന്‍ സുരക്ഷാകാര്യ മന്ത്രിയും ടിവി അവതാരകയും ഹെവി മെറ്റല്‍ ഡ്രമ്മറും ആയ സനേ തകായിച്ചി ജാപ്പനീസ് രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ്.

അന്തരിച്ച മുന്‍ നേതാവ് ഷിന്‍സോ ആബെയുടെ ശിഷ്യയാണ് തകായിച്ചി. ജപ്പാനില്‍ നിരവധി വിവാദങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. വിവാഹശേഷം സ്ത്രീകള്‍ക്ക് അവരുടെ കുടുംബപ്പേരുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കുന്ന നിയമനിര്‍മ്മാണത്തെ വളരെക്കാലമായി എതിര്‍ക്കുന്ന ഒരു കടുത്ത യാഥാസ്ഥിതികയാണ് തകായിച്ചി. അത് പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അവര്‍ വാദിക്കുന്നു. കൂടാതെ സ്വവര്‍ഗ വിവാഹത്തിന് എതിരായ നിലപാടുകളിലൂടെയും യാഥാസ്ഥിതിക പക്ഷത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വമാണ് തകായിച്ചി.