ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള അസംസ്‌കൃത എണ്ണ വില കുറയ്ക്കാനൊരുങ്ങി സഊദി അറേബ്യ. ഏഷ്യയിലെ എണ്ണ ഉപഭോഗം കുറഞ്ഞതാണ് വില കുറയ്ക്കാനുള്ള പ്രധാന കാരണം. വരും മാസങ്ങളില്‍ വിതരണം ചെയ്യാനുള്ള സഊദി ക്രൂഡ് ഓയില്‍, നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വിലകുറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ ഉല്‍പ്പാദകരായ സഊദി അരാംകോ വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും വിതരണം ചെയ്യാനുള്ള ക്രൂഡ് ഓയിലിന്റെ വില കുറച്ചെങ്കിലും വടക്കേ അമേരിക്കയിലേക്കുള്ള എണ്ണയുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബാരലിന് 0.70 ഡോളറിനും 0.90 ഡോളറിനും ഇടയിലുള്ള കുറവാണ് വിലയില്‍ പ്രതീക്ഷിക്കുന്നത്. ബാരലിന് 71.93 ഡോളറാണ് നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. വില കുറയ്ക്കാനുള്ള തീരുമാനം സഊദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്
സഊദി അറേബ്യയുടെ പ്രധാന എണ്ണ വിപണിയാണ് ഏഷ്യ. അസംസ്‌കൃത എണ്ണയ്ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാന്റ് രേഖപ്പെടുത്തുന്നത് കണക്കിലെടുത്താണ് സൗദിയുടെ നീക്കം. ഏഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയയ്ക്കുന്നതും സഊദി അറേബ്യയാണ്. വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ ഏഷ്യയിലേക്കുള്ള എണ്ണ ഇറക്കുമതി പ്രതിദിനം ശരാശരി 26.58 ദശലക്ഷം ബാരലുകളാണ്. ഒരു വര്‍ഷം മുമ്പുള്ള ഇറക്കുമതിയേക്കാള്‍ പ്രതിദിനം 310,000 ബാരല്‍ കുറവാണ് ഇത്. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ചൈനയുടെ നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ രണ്ട് മേഖലയുടെയും ഇന്ധന ഉപഭോഗത്തിലും ഈ തകര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.