യെമനിലെ മുകല്ല തുറമുഖത്ത് സൗദിയുടെ വന്‍ ആക്രമണം

ആളപായമായോ വന്‍നാശമോ ഇല്ലെന്നാണു റിപ്പോര്‍ട്ട്. വിമതസേനയ്ക്കുള്ള ആയുധങ്ങളുമായാണു കപ്പലുകളെത്തിയതെന്ന സൗദിയുടെ ആരോപണം യുഎഇ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു

author-image
Biju
New Update
saaudi

സനാ: യുഎഇ പിന്തുണയുള്ള ദക്ഷിണ യെമന്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള തുറമുഖനഗരമായ മുകല്ലയില്‍ സൗദി അറേബ്യ ബോംബിട്ടു. ഫുജൈറയില്‍ നിന്നെത്തിയ യുഎഇയുടെ 2 കപ്പലുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായമായോ വന്‍നാശമോ ഇല്ലെന്നാണു റിപ്പോര്‍ട്ട്. വിമതസേനയ്ക്കുള്ള ആയുധങ്ങളുമായാണു കപ്പലുകളെത്തിയതെന്ന സൗദിയുടെ ആരോപണം യുഎഇ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. യെമനില്‍നിന്നു യുഎഇ സേന പിന്‍വാങ്ങുമെന്നു പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

ദക്ഷിണ യെമന്‍ പ്രത്യേക രാജ്യമാക്കാന്‍ ലക്ഷ്യമിടുന്ന സൗദിവിരുദ്ധ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ (എസ്ടിസി) സേന കഴിഞ്ഞ ദിവസമാണു മുകല്ല പിടിച്ചത്. യുഎഇയുടെ സഹായത്തോടെയാണിതെന്നും ഇത് അത്യന്തം അപകടകരമായ പ്രവൃത്തിയാണെന്നും സൗദി വിമര്‍ശിച്ചു. എന്നാല്‍, ആരോപണം വാസ്തവവിരുദ്ധമാണെന്നും കപ്പലുകളില്‍ ആയുധങ്ങളില്ലായിരുന്നുവെന്നും യുഎഇ പ്രതികരിച്ചു. യുഎഇയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച യെമനിലെ സൗദിപക്ഷ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ 24 മണിക്കൂറിനകം യുഎഇ സൈന്യം യെമന്‍ വിടണമെന്നും ആവശ്യപ്പെട്ടു.