രണ്ടാം സംഘത്തിലെ ആദ്യ വിമാനത്തില്‍ 119 പേര്‍

തിരിച്ചയക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണ്. പഞ്ചാബില്‍ നിന്ന് 67 പേര്‍, ഹരിയാനയില്‍ നിന്ന് 33 പേര്‍, ഗുജറാത്തില്‍ നിന്ന് 8 പേര്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് 3 പേര്‍, മഹാരാഷ്ട്ര 2, ഗോവ 2, രാജസ്ഥാന്‍ 2, ഹിമാചല്‍ പ്രദേശ് 1, ജമ്മുകശ്മീര്‍ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.

author-image
Biju
New Update
sg

Rep. Img.

അമൃത്സര്‍: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് എത്തും. രാത്രി 10 മണിക്ക് വിമാനം അമൃത് സറില്‍ ലാന്‍ഡ് ചെയ്യും. പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരുമാണ് സംഘത്തില്‍ ഉള്ളത്. നേരത്തെ ഫ്രെബ്രുവരി 5നാണ് യുഎസ് സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. ഇത്തവണയും അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. അടുത്ത സംഘത്തെയും വഹിച്ചുകൊണ്ടുള്ള മറ്റൊരു വിമാനം നാളെ അമൃത് സറില്‍ എത്തും.

തിരിച്ചയക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണ്. പഞ്ചാബില്‍ നിന്ന് 67 പേര്‍, ഹരിയാനയില്‍ നിന്ന് 33 പേര്‍, ഗുജറാത്തില്‍ നിന്ന് 8 പേര്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് 3 പേര്‍, മഹാരാഷ്ട്ര 2, ഗോവ 2, രാജസ്ഥാന്‍ 2, ഹിമാചല്‍ പ്രദേശ് 1, ജമ്മുകശ്മീര്‍ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്. മെക്‌സിക്കോ അതിര്‍ത്തിയിലെ പാതകളിലൂടെ അമേരിക്കയിലെത്തിയവരാണ് തിരിച്ചയക്കപ്പെടുന്നത്.

ആദ്യം എത്തിയ സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 104 ഇന്ത്യക്കാരുണ്ടായിരുന്നു. കൈ വിലങ്ങുകള്‍ അണിയിച്ച് കാലുകള്‍ ചങ്ങലയിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു അവര്‍ എത്തിയത്. നിയമവിരുദ്ധമായി യുഎസില്‍ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശനവേളയില്‍ പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാന്‍ ഇന്ത്യ ബാധ്യസ്തമാണെന്നും വിദേശകാര്യ മന്തി എസ് ജയശങ്കര്‍ രാജ്യസഭയില്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ രംഗത്തുവന്നു. പഞ്ചാബിനെയും പഞ്ചാബികളെയും അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആരോപിച്ചു. അമൃത്സറിനെ നാടുകടത്തല്‍ കേന്ദ്രമാക്കി മാറ്റുന്നതിനുളള ശ്രമമാണിതെന്നും ഭഗവന്ത് മാന്‍ പറഞ്ഞു. കുടിയേറ്റക്കാരെ എത്തിക്കാന്‍ അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് ആരോപണം. അതേസമയം ഇന്നെത്തുന്ന സംഘത്തിലും പഞ്ചാബികളാണ് അധികം പേരും.

india us migrants illegal immigrants