പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പ് സിസ്‌റ്റൈന്‍ ചാപ്പലില്‍

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയില്‍ ഇരിക്കാന്‍ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാര്‍പാപ്പയാവാന്‍ സമ്മതിക്കുകയാണെങ്കില്‍ മുന്‍പുള്ള വിശുദ്ധന്മാരില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം

author-image
Biju
New Update
AGGF

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസികളെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ പിറ്റേന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. 140 കോടിയിലേറെ പേര്‍ അടങ്ങുന്ന ആഗോള കത്തോലിക്ക സഭയുടെ തലവനാണ് മാര്‍പാപ്പ. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍പാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.

പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ്

കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവ് കൂടിയായിരിക്കും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക. നിലവിലെ മാര്‍പാപ്പ മരിച്ച് 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് കൂടും. 80 വയസ്സിനു താഴെയുള്ള കര്‍ദ്ദിനാള്‍മാരാണ് ഇതിനായി വത്തിക്കാനില്‍ ഒത്തുകൂടുക. അവരെ സിസ്‌റ്റൈന്‍ പള്ളിയ്ക്കുള്ളില്‍ പൂട്ടിയിടും. ഫോണോ മറ്റു മാധ്യമങ്ങളോ അനുവദിക്കാതെ പുറം ലോകവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഒരു സ്ഥാനാര്‍ഥിക്കു മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകള്‍ കത്തിക്കും. ബാലറ്റില്‍നിന്നു വരുന്ന കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു. 

പുതിയ മാര്‍പാപ്പയുടെ പ്രഖ്യാപനം

പുതിയ മാര്‍പാപ്പയെ  തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയില്‍ ഇരിക്കാന്‍ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാര്‍പാപ്പയാവാന്‍ സമ്മതിക്കുകയാണെങ്കില്‍ മുന്‍പുള്ള വിശുദ്ധന്മാരില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക. ഇതേതുടര്‍ന്ന് മുതിര്‍ന്ന കര്‍ദ്ദിനാള്‍ ഡീക്കണ്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ലാറ്റിന്‍ ഭാഷയില്‍ ''ഹാബെമസ് പാപ്പം'' എന്ന് വിളിച്ചു പറയും. 'നമുക്ക് ഒരു പോപ്പ് ഉണ്ട്' എന്നാണ് അതിനര്‍ഥം. തൊട്ടുപിന്നാലെ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍വച്ച് തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യും.


മരണം സ്ഥിരീകരിക്കുക

വത്തിക്കാന്റെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഭരണാധികാരിയായ കാമര്‍ലെംഗോ ആണ് പോപ്പിന്റെ മരണം സ്ഥിരീകരിക്കുക. കാമര്‍ലെംഗോ മാര്‍പ്പാപ്പയുടെ ചെവിയില്‍ മാമോദിസ പേര് മൂന്നു തവണ വിളിക്കും. മൂന്ന് വിളിയിലും പ്രതികരിക്കാതിരുന്നാല്‍ മരിച്ചതായി സ്ഥിരീകരിക്കും. ഇതിനു ശേഷം ചെറിയ വെള്ളി ചുറ്റിക കൊണ്ട് നെറ്റിയില്‍ അടിക്കുന്ന ഒരു ആചാരവും 1963 വരെ ഉണ്ടായിരുന്നു. തുടര്‍ന്ന്, പോപ്പിന്റെ അധികാര ചിഹ്നമായ ഫിഷര്‍മന്‍സ് മോതിരവും സീലും നശിപ്പിക്കും. പോപ്പിന്റെ ഭരണത്തിന്റെ അവസാനമാണ് ഇതുകൊണ്ട് അടയാളപ്പെടുത്തുന്നത്. മാര്‍പാപ്പയുടെ മരണശേഷം നാല് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ ഭൗതികദേഹം സംസ്‌കരിക്കണം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും മാര്‍പാപ്പയെ സംസ്‌കരിക്കുക. മറ്റെവിടെയെങ്കിലും സംസ്‌കരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവിടെ സംസ്‌കരിക്കുന്നതാണ്. തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ദുഃഖാചരണം നടത്തും.

 

Francis pope