അയത്തുള്ള അലിറീസ അറാഫിക്ക് ഇറാന്റെ പരമോന്നത നേതാവിന്റെ താല്‍കാലിക ചുമതല

രാജ്യത്ത് പരമോന്നത നേതാവിന്റെ സ്ഥാനത്ത് അപ്രതീക്ഷിത ഒഴിവുണ്ടാകുമ്പോള്‍, താല്‍ക്കാലികമായി മൂന്ന് അംഗ കൗണ്‍സില്‍ ഭരണ ചുമതലകള്‍ ഏറ്റെടുക്കണമെന്നാണ് ഇറാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 111 നിര്‍ദ്ദേശിക്കുന്നത്

author-image
Biju
New Update
ali rafi

ടെഹ്‌റാന്‍: മുതിര്‍ന്ന പുരോഹിതനും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവുമായ അലിറീസ അറാഫിയെ ഇറാന്റെ താല്‍ക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമേനി വഹിച്ചിരുന്ന ചുമതലകള്‍ നിര്‍വഹിക്കുക. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹുസൈന്‍ മൊഹ്‌സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

ഇറാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 111 പ്രാബല്യത്തില്‍ കൊണ്ടുവന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് പരമോന്നത നേതാവിന്റെ സ്ഥാനത്ത് അപ്രതീക്ഷിത ഒഴിവുണ്ടാകുമ്പോള്‍, താല്‍ക്കാലികമായി മൂന്ന് അംഗ കൗണ്‍സില്‍ ഭരണ ചുമതലകള്‍ ഏറ്റെടുക്കണമെന്നാണ് ഇറാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 111 നിര്‍ദ്ദേശിക്കുന്നത്. സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ കൗണ്‍സില്‍ രാജ്യത്തിന്റെ പരമാധികാര ചുമതലകള്‍ നിര്‍വഹിക്കും.

1959 ല്‍ ആണ് ആയത്തൊള്ള അറാഫി ജനിച്ചത്. 67കാരനായ അറാഫി ഇറാനിലെ മതസ്ഥാപനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്.രാജ്യത്തെ ഇസ്ലാമിക സെമിനാരി സംവിധാനത്തിന്റെ ഡയറക്ടര്‍, ഗാര്‍ഡിയന്‍ കൗണ്‍സിലിലെ അംഗം, 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ അംഗം എന്നിങ്ങനെ മൂന്ന് നിര്‍ണായക പദവികള്‍ ഒരേസമയം വഹിച്ചിരുന്ന വ്യക്തിയാണ് ആയത്തൊള്ള അറാഫി. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള അറാഫി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആശയങ്ങള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പല വേദികളില്‍ നേരത്തെ സംസാരിച്ചിരുന്നു. അല്‍-മുസ്തഫ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായും പ്രവര്‍ത്തിച്ചയാളായ അറാഫി ഇറാന്റെ ആശയപരമായ സ്വാധീനം വിദേശരാജ്യങ്ങളില്‍ വ്യാപിപ്പിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.

എന്നാല്‍, അറാഫിയും മറ്റു രണ്ട് ഇടക്കാല നേതാക്കളും ഒരു താല്‍ക്കാലിക ക്രമീകരണമാത്രമാണ്. രാജ്യത്തിന്റെ ഭരണവും അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള യുദ്ധനടപടികളും നിയന്ത്രിക്കുന്നതോടൊപ്പം, അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് രഹസ്യ ചര്‍ച്ചകള്‍ നടത്തി സ്ഥിരം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇറാന്റെ ഭാവി രാഷ്ട്രീയ ദിശയെ നിര്‍ണ്ണയിക്കുന്ന നിര്‍ണായക തീരുമാനമായിരിക്കും അടുത്ത ദിവസങ്ങളില്‍ അസംബ്ലി കൈക്കൊള്ളുന്നത്.