/kalakaumudi/media/media_files/2026/01/31/pp2-2026-01-31-20-47-03.jpg)
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 37 ഭീകരരെ വധിച്ചതായും സുചനയുണ്ട്. അഞ്ചു ജില്ലകളിലായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് പുറമെ പാസ്‌നി, മസ്തൂങ്, നുഷ്‌കി, ഗ്വാദര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ക്വറ്റയില്‍ മാത്രം നാലു പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ബിഎല്‍എയുടെ ആക്രമണം. സൈനിക താവളങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് ലക്ഷ്യമിട്ടത്.
പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷന്‍ ഹെറോഫ്' ആരംഭിച്ചതായി ബിഎല്‍എ നേതൃത്വം അറിയിച്ചു. എന്നാല്‍, ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തതായി പാക്ക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കര്‍ശനമാക്കി. പ്രധാന നഗരങ്ങളില്‍ സേനാ വിഭാഗങ്ങളെ വിന്യസിച്ചു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ധാതുസമ്പന്നമായ ബലൂചിസ്ഥാനില്‍ ദശാബ്ദങ്ങളായി തുടരുന്ന വിഘടനവാദി പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണവും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
