മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറണം; നിലപാട് കടുപ്പിച്ച് ബെല്‍ജിയം കോടതി

വ്യാജരേഖ ചമയ്ക്കല്‍, അഴിമതി എന്നിവയാണ് ഇന്ത്യ ചോക്സിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇവയെല്ലാം ബെല്‍ജിയം നിയമപ്രകാരവും കുറ്റകൃത്യങ്ങളാണ്

author-image
Biju
New Update
mehul

ബ്രുസെല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറാന്‍ നിയമപരമായ തടസമില്ലെന്ന് വ്യക്തമാക്കി ബെല്‍ജിയന്‍ കോടതി. ചോക്സി ഒരു വിദേശ പൗരനാണ്, എന്നാല്‍ അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്ന ഗുരുതരമായ കുറ്റങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാന്‍ തക്ക കാരണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി എന്നിവയാണ് ഇന്ത്യ ചോക്സിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇവയെല്ലാം ബെല്‍ജിയം നിയമപ്രകാരവും കുറ്റകൃത്യങ്ങളാണ്.

അതേ സമയം ഇന്ത്യന്‍ നിയമപ്രകാരം ചുമത്തിയിരിക്കുന്ന തെളിവ് നശിപ്പിക്കന്‍ ബെല്‍ജിയത്തില്‍ കുറ്റകൃത്യമായി കണക്കാക്കുന്നില്ല. അതു കൊണ്ടു തന്നെ ഈ കുറ്റത്തിന്റെ പേരില്‍ ഇന്ത്യക്ക് കൈമാറാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തന്നെ ആന്റിഗ്വവയില്‍ നിന്ന് അനുവാദമില്ലാതെ കടത്തിക്കൊണ്ടു വന്നുവെന്നും ഇന്ത്യയില്‍ മനുഷ്യത്വരഹിതമായി പെരുമാറുമെന്നുമാണ് ചോക്സി കോടതിയെ ധരിപ്പിച്ചത്.

എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. ചോക്സിയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ ബരാക്ക് നമ്പര്‍ 12ല്‍ താമസിപ്പിക്കുമെന്നും ശുചിമുറിയും ചികിത്സയും ഉള്‍പ്പെടെയുള്ള സൗകര്യം നല്‍കുമെന്നും ഇന്ത്യ ബെല്‍ജിയത്തെ അറിയിച്ചിരുന്നു. 13,500 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയാണ് അറുപത്തഞ്ചുകാരനായ മെഹുല്‍ ചോക്സി.

ഇന്ത്യന്‍ ഏജന്‍സികളുടെ ആവശ്യപ്രകാരം 2025 ഏപ്രില്‍ 11നാണ് ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2018ലാണ് മെഹുല്‍ ചോക്സി, ഇയാളുടെ അനന്തരവന്‍ നീരവ് മോദി, കുടുംബാംഗങ്ങള്‍, പിഎന്‍ബി ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും സിബിഐയും കേസെടുത്തത്.