പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍ വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നു.പലസ്തീന്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഏറെ ചര്‍ച്ചയാകുന്നത്. പ്രമുഖ മാധ്യമം മിഡില്‍ ഈസ്റ്റ് ഐയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉളളത്.വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഗാസയിലും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയാണ്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ അഴിച്ച് ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുന്ന ക്രൂരതയും അരങ്ങേറുന്നു.
വര്‍ഷങ്ങളായി പലസ്തീന്‍ സ്ത്രീകള്‍ ഇസ്രയേല്‍ സൈനികരില്‍ നിന്ന് ലൈംഗികാതിക്രമം നേരിടുന്നുണ്ട്. ഇതുവരെ അവര്‍ ആ ദുരനുഭങ്ങള്‍ തുറന്നുപറയാന്‍ മടിച്ചിരുന്നു. ലൈംഗികാതിക്രമങ്ങള്‍ അവരുടെ അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗത്തോടു പോലും പങ്കുവയ്ക്കാന്‍ കഴിയാതെ രഹസ്യമായി വയ്ക്കുകയാണ് ചെയ്തിരുന്നത്. അപമാനഭയത്താലാണ് പലരും പീഡനം പുറത്തുപറയാന്‍ മടിച്ചത്.
ഒരു സംഭവം മിഡില്‍ ഈസ്റ്റ് ഐയിലെ അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ ഇസ്രായേലി സൈനികര്‍ അവിടെയുള്ള ഒരു സ്ത്രീയോട് വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നയാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു വനിതാ സൈനിക വാതില്‍ അടച്ച് വസ്ത്രം അഴിക്കാന്‍ അനുവദിച്ചുവെന്നും വെളിപ്പെടുത്തുന്നുണ്ട്. ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനു ശേഷം, പലസ്തീനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിനു ശേഷം അധിനിവേശ ഫലസ്തീന്‍ മേഖലകളില്‍ യുഎന്‍ അന്വേഷണ കമ്മീഷന്‍ പലസ്തീന്‍ സ്ത്രീകള്‍ക്കെതിരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. അന്വേഷണത്തില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശത്തുടനീളം വ്യാപക ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു കണ്ടെത്തി. പലസ്തീനിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ ഈ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകളും സ്ത്രീകളുടെ അവകാശ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.