ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ കശ്മീര്‍ വംശജ ഷബാന മഹ്മൂദ്; സ്റ്റാര്‍മറുടെ രാജി ഉടന്‍?

സ്റ്റാര്‍മര്‍ രാജിവെക്കുകയാണെങ്കില്‍ പകരം ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രധാനമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ പദവിയിലെത്തിയാല്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം വംശജയായ പ്രധാനമന്ത്രിയായി ഷബാന മാറും

author-image
Biju
New Update
SHABANA

ലണ്ടന്‍: ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ കസേര തെറിക്കുമെന്ന് സൂചന. എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പീറ്റര്‍ മാന്‍ഡല്‍സനെ യുഎസ് അംബാസഡറായി നിയമിച്ചതാണ് സ്റ്റാര്‍മറെ വെട്ടിലാക്കിയത്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറും ഇതിനോടകം രാജിവെച്ചു കഴിഞ്ഞു. സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയിലെ എംപിമാര്‍ തന്നെ രംഗത്തെത്തിയതോടെ ബ്രിട്ടനില്‍ രാഷ്ട്രീയ അനിശ്ചിതത്വം മുറുകുകയാണ്.

സ്റ്റാര്‍മര്‍ രാജിവെക്കുകയാണെങ്കില്‍ പകരം ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രധാനമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ പദവിയിലെത്തിയാല്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം വംശജയായ പ്രധാനമന്ത്രിയായി ഷബാന മാറും. നിലവില്‍ ആഭ്യന്തര വകുപ്പില്‍ ഉന്നതസ്ഥാനം വഹിക്കുന്ന അവര്‍ പാര്‍ട്ടിയിലെ വലതുപക്ഷ വിഭാഗത്തിന്റെ പ്രിയങ്കരി കൂടിയാണ്. സ്റ്റാര്‍മറുടെ വിശ്വസ്തയായി അറിയപ്പെടുമ്പോഴും നിലവിലെ പ്രതിസന്ധിയില്‍ ഷബാനയെ മുന്‍നിര്‍ത്തി പാര്‍ട്ടിയില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള മാതാപിതാക്കളുടെ മകളായി 1980-ല്‍ ബര്‍മിങ്ഹാമിലാണ് ഷബാന ജനിച്ചത്. ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അവര്‍ ബാരിസ്റ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2010-ല്‍ ബര്‍മിങ്ഹാം ലേഡിവുഡില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഷബാന, ലേബര്‍ പാര്‍ട്ടിയുടെ വിവിധ ഷാഡോ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജെറമി കോര്‍ബിന്റെ നയങ്ങളോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് ഷാഡോ കാബിനറ്റില്‍ നിന്ന് രാജിവെച്ച ചരിത്രവും ഇവര്‍ക്കുണ്ട്.

കുടിയേറ്റം, അതിര്‍ത്തി നിയന്ത്രണം, ദേശീയ സുരക്ഷ എന്നിവയില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതിലൂടെയാണ് ഷബാന ശ്രദ്ധേയയായത്. 2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ നീതിന്യായ സെക്രട്ടറിയായിരുന്ന അവര്‍ പിന്നീട് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായി. സ്റ്റാര്‍മറുടെ രാഷ്ട്രീയ ഭാവി തുലാസിലായ സാഹചര്യത്തില്‍, ഷബാനയുടെ പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി എത്രത്തോളം തെളിയുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.