സ്വീഡനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. സ്വീഡനിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അതിദാരുണമായ വെടിവയ്പ്പ്.സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്.അക്രമി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു.നിരവധി പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആക്രമണമുണ്ടായത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഒറെബ്രോയിലാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്.
ഓറെബ്രോയിലെ റിസ്‌ബെര്‍ഗ്‌സ്‌ക ക്യാംപസിലാണ് ആക്രമണം നടന്നത്. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല,ഒരു സംഘമാണോ ആക്രമണത്തിനു പിന്നിലെന്നും ഏതെങ്കിലും ഒരു ഐഡിയോളജിക്കലായ ലക്ഷ്യം ആക്രമണത്തിലുണ്ടോ എന്നും വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.അക്രമി ഒറ്റക്കെത്തി വെടിവച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ദാരുണവും ഭയപ്പെടുത്തുന്നതുമായ സംഭവം എന്നാണ് പൊലീസ് ആക്രമണത്തെ വിശേഷിപ്പിച്ചത്.ക്യാംപസിനുള്ളില്‍ പ്രാദേശിക സമയം പന്ത്രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്.പ്രൈമറി,സെക്കന്ററി വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനമാണിത്.അതിനാല്‍,ഇവിടെ പഠിക്കുന്നത് 20 വയസ്സിന് മുകളിലുള്ളവരാണ്.
ദുരന്തത്തിന് പിന്നാലെ സമീപത്തെ സ്‌കൂളുകളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.വലിയ ദുരന്തമാണ് ഉണ്ടായതെന്നും രാജ്യത്തെ സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും നീതിന്യായ മന്ത്രി പറഞ്ഞു. സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്പ് എന്നാണ് സംഭവത്തോടെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പ്രതികരിച്ചത്.സംഭവ സ്ഥലം രക്തക്കളമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമി പത്ത് റൗണ്ടോളം വെടിവച്ചു.പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.