/kalakaumudi/media/media_files/2025/09/03/china-ar-2025-09-03-10-28-18.jpg)
ബെയ്ജിങ്: ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ്. ചൈന എപ്പോഴും മുന്നോട്ടു കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ വിജയം അനുസ്മരിക്കാനായി സംഘടിപ്പിച്ച വിജയദിന പരേഡില്‍ അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
യുഎസിനു പരോക്ഷ മുന്നറിയിപ്പാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകള്‍. യുഎസ് ഉയര്‍ന്ന തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ചൈനയും ഇന്ത്യയും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ചൈനീസ് ആയുധശക്തി വിളിച്ചോതുന്നതായി പരേഡ്. അത്യാധുനിക ആണവ മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ പരേഡിന്റെ ഭാഗമായി. സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡാണ് നടക്കുന്നത്. പതിനായിരം സൈനികര്‍ പരേഡില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനെതിരെ നേടിയ വിജയം ആഘോഷിക്കാനാണ് പരേഡ് സംഘടിപ്പിക്കുന്നത്. വിദേശ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്യം നേടാന്‍ ചൈനയെ സഹായിച്ച യുഎസിനെ ചൈനീസ് പ്രസിഡന്റ് പരാമര്‍ശിക്കുമോ എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. യുദ്ധത്തില്‍ നിരവധി അമേരിക്കക്കാര്‍ മരിച്ചു. അവരുടെ ത്യാഗം ഓര്‍മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു.