ശുഭാംശുവും സംഘവും പുറപ്പെട്ടു

ഫ്‌ളോറിഡയില്‍ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12:01നാണ് സംഘം പുറപ്പെട്ടത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും

author-image
Biju
New Update
ssssfdhah

ഫ്‌ളോറിഡ:  ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം-4 ദൗത്യം തുടങ്ങി. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ പങ്കെടുക്കുന്ന ദൗത്യം ഫ്‌ളോറിഡയില്‍ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12:01നാണ് സംഘം പുറപ്പെട്ടത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.

മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി. പുതിയ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശപേടകത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര. 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും.

ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ നാസ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ ഹ്യൂമന്‍ സ്‌പെയ്‌സ് മിഷന്‍ ഡയറക്ടറുമായ പെഗി വിറ്റ്സണാണ്. ശുക്ല പൈലറ്റിന്റെ റോള്‍ ഏറ്റെടുക്കും, രണ്ട് മിഷന്‍ സ്‌പെഷലിസ്റ്റുകള്‍ പോളണ്ടില്‍ നിന്നുള്ള സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നെവ്സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവുമാണ്. 

ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരില്‍ ഒരാള്‍ ശുഭാംശുവാണ്. ജയ്ഹിന്ദ്.... യാത്ര സുഖകരമെന്ന് ശുഭാംശു പേടകത്തില്‍ നിന്ന് തത്സമയം പ്രതികരിച്ചു.

isro nasa Shubhanshu Shukla