ബെംഗളൂരു: വിദ്യാർഥിയായിരിക്കുമ്പോൾ എനിക്കൊരു പ്രണയമുണ്ടായിരുന്നു. വിവാഹം കഴിക്കാനുമാഗ്രഹിച്ചു. പക്ഷെ ജാതിയുടെ വേലിക്കെട്ടുകൾ പ്രണയത്തെ നഷ്ടപ്പെടുത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പഠനകാലത്തെ പ്രണയകഥ പറഞ്ഞു. നഷ്ടപ്രണയത്തെ ഒരിക്കൽ കൂടെ ഓർത്തെടുത്തപ്പോൾ സിദ്ധരാമയ്യ ഒരുവേള ആ പഴയ കൗമാരക്കാരനാകുകയായിരുന്നു.
മൈസൂരുവിൽ നടന്ന ഒരു മിശ്രവിവാഹ ചടങ്ങലായിരുന്നു തന്റെ പ്രണയകാലത്തെ കുറിച്ച് സിദ്ധരാമയ്യ വെളിപ്പെടുത്തിയത്. പ്രണയം വിവാഹത്തിലേക്കെത്തണമെന്നാഗ്രഹിച്ചതോടെ ജാതിയുടെ പേര് പറഞ്ഞ് അവളുടെ കുടുംബം തടസ്സം നിൽക്കുകയായിരുന്നു. പിന്നെ മറ്റൊരു വഴിയില്ലാതായി.
മിശ്രവിവാഹം തിരഞ്ഞെടുക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകണം. ഇത്തരക്കാർക്ക് തന്റെ സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പ് നൽകി. ജാതീയത മാറ്റിയെടുക്കാൻ രണ്ട് വഴിയാണുള്ളത്. ഒന്ന് മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുക. മറ്റൊന്ന് ജാതികൾക്കുള്ളിലെ സാമൂഹിക സാമ്പത്തിക ഉന്നമനം. സാമൂഹിക സാമ്പത്തിക ഉന്നമനം നടക്കാതെ സാമൂഹിക സമത്വം നടപ്പാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.