പാകിസ്ഥാനിൽ സ്ഥിതി വഷളാകുന്നു; ലാഹോറിൽ ഗാസ അനുകൂല പ്രക്ഷോഭത്തിൽ സംഘർഷം, 2 പേർ കൊല്ലപ്പെട്ടു; ഇസ്ലാമാബാദിൽ ഇൻ്റർനെറ്റ് വിലക്ക്

പാകിസ്ഥാനിൽ തെഹ്രീക്-ഇ-ലബ്ബായിക് (TLP) നടത്തിയ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. ലാഹോറിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

author-image
Devina
New Update
pakistaan

ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (TLP) ആഹ്വാനം ചെയ്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2 പേർ കൊല്ലപ്പെട്ടു.

 ലാഹോറിൽ നടന്ന മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.

 നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇസ്ലാമാബാദിലെ അമേരിക്കൻ കോൺസുലേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് ആഹ്വാനത്തിന് പിന്നാലെയാണ് ഈ സംഭവം. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.

ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ പാക് സർക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങി എന്നാണ് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ പാർട്ടി വിമർശിക്കുന്നത്.

 അതേസമയം ഗാസ വിഷയം ഉയർത്തി രാജ്യത്ത് രാഷ്ട്രീയ കലാപത്തിനാണ് ടിഎൽപി ശ്രമിക്കുന്നതെന്നാണ് പാക് ആഭ്യന്തരമന്ത്രി തലാൽ ചൗധരി കുറ്റപ്പെടുത്തി.

ഇസ്ലാമാബാദിൽ, പ്രതിഷേധം മുൻകൂട്ടി കണ്ട് ഫൈസാബാദ് ജംഗ്ഷന് സമീപം കണ്ടെയ്‌നറുകൾ സ്ഥാപിച്ചു. റാവൽപിണ്ടിയിൽ കണ്ടെയ്‌നറുകളും ട്രെയിലറുകളും കസ്റ്റഡിയിലെടുക്കാൻ തുടങ്ങി.

 ഇതുവരെ 280 പേരെ അറസ്റ്റ് ചെയ്‌തു. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഫൈസാബാദിലും ഇസ്ലാമാബാദിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി.

 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോട്ടലുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. പ്രതിഷേധം കലാപത്തിലേക്ക് മാറുമോയെന്നാണ് പാക് ഭരണകൂടം ആശങ്കപ്പെടുന്നത്.