യുക്രെയ്ന്‍ യുദ്ധത്തിന്റെ ബാക്കിപത്രം?

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ ഫിക്കോ, യുക്രയെന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയും, റഷ്യയോട് സന്ധി ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഫിക്കോ ഉയര്‍ത്തിയിരുന്ന പ്രധാന മുദ്രാവാക്യം, യുക്രെയ്‌ന് ഒരു വെടിയുണ്ടപോലും കൊടുക്കില്ല എന്നതായിരുന്നു. പറഞ്ഞതുപോലെ തന്നെ, അദ്ദേഹം അധികാരത്തില്‍ വന്നതോടെ യുക്രെയ്‌നുള്ള അയുധം നല്‍കല്‍ സ്ലോവാക്യ അവസാനിപ്പിക്കുകയും ചെയ്തു.

author-image
Rajesh T L
New Update
ssss

Robert Fico

Listen to this article
0.75x 1x 1.5x
00:00 / 00:00

ബ്രട്ടിസ്ലാവ: സ്ലാവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഒന്നില്‍ കൂടുതല്‍ തവണ വെടിയേറ്റ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ ചികിത്സയിലാണ്. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് പ്രധാനമന്ത്രി വിധേയനായെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും മോശമാണെന്നും പ്രതിരോധ മന്ത്രി റോബര്‍ട്ട് കലിനാക്ക് മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി.

ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം' എന്നാണ് ഫിക്കോയ്‌ക്കെതിരായ കൊലപാതകശ്രമത്തെ സ്ഥാനമൊഴിയുന്ന സ്ലോവാക്യന്‍ പ്രസിഡന്റ് സൂസന്ന കപ്യൂട്ടോവ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം അപലപിച്ചത്. സ്ലോവാക്യന്‍ ജനാധിപത്യത്തിനുനേര്‍ക്കുള്ള മുന്‍മാതൃകകളില്ലാത്തവിധമുള്ള ആക്രമണം എന്നാണ് നിയുക്ത പ്രസിഡന്റ് പീറ്റര്‍ പെല്ലിഗ്രിനി കുറ്റപ്പെടുത്തിയത്.

അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, അയാളെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇയാള്‍ ആരാണെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക സ്ഥിരീകരണത്തിന് കഴിഞ്ഞിട്ടില്ലെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ചില പ്രാദേശിക മാധ്യമങ്ങള്‍, അക്രമി 71 കാരനായൊരു എഴുത്തുകാരന്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല. അതേസമയം, ചില മാധ്യമങ്ങളില്‍ അക്രമിയുടെ മകന്റെതാണെന്ന് അവകാശപ്പെട്ട പ്രസ്താവനകള്‍ വന്നിട്ടുണ്ട്. ' പിതാവ് എന്താണ് തീരുമാനിച്ചതെന്നും, അദ്ദേഹം എന്തിനിങ്ങനെ ചെയ്‌തെന്നും അറിയില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

ബുധനാഴ്ച്ച സര്‍ക്കാരിന്റെ കാബിനറ്റ് മീറ്റിംഗ് കഴിഞ്ഞായിരുന്നു പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടത്. ഹന്‍ഡ്‌ലോവയിലായിരുന്നു സംഭവം നടന്നത്. ഗുരുതരമായി മുറിവേറ്റ ഫിക്കോയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഹാന്‍ഡ്‌ലോവയിലുള്ള ഒരു പ്രാദേശിക ആശുപത്രിയിലാണ് പ്രധാനമന്ത്രിയെ ആദ്യം പ്രവേശിപ്പിച്ചത്. അവിടെ വച്ച് ആദ്യമൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയയുടെ കാര്യം മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഫിക്കോയുടെ മുറിവുകളെപ്പറ്റിയുള്ള വിശദീകരണം നല്‍കാന്‍ തയ്യാറായില്ല.

നാല് തവണയായി സ്ലോവ്യാകയുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന, രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് റോബര്‍ട്ട് ഫിക്കോ. 2006 മുതല്‍ 2010 വരെയും, 2012 മുതല്‍ 2018 വരെയും രാജ്യത്തെ നയിച്ചിട്ടുള്ള സ്‌മെര്‍-എസ്ഡി പാര്‍ട്ടിയുടെ നേതാവായ ഫിക്കോ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്.

റഷ്യക്ക് അനുകൂലമായി രാജ്യത്തിന്റെ വിദേശനയങ്ങള്‍ മാറ്റിയെന്ന ആരോപണവും ഫിക്കോ സ്വന്തം ജനങ്ങളില്‍ നിന്നും നേരിടുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അധികാരമേറ്റെടുത്തത് മുതല്‍ അയല്‍ രാജ്യമായ യുക്രെയ്‌നുമായുള്ള ബന്ധം വഷളാക്കുന്ന പലതരം പ്രസ്താവനകളും ഫിക്കോയില്‍ നിന്നുണ്ടായിട്ടുണ്ട്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ ഫിക്കോ, യുക്രയെന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയും, റഷ്യയോട് സന്ധി ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഫിക്കോ ഉയര്‍ത്തിയിരുന്ന പ്രധാന മുദ്രാവാക്യം, യുക്രെയ്‌ന് ഒരു വെടിയുണ്ടപോലും കൊടുക്കില്ല എന്നതായിരുന്നു. പറഞ്ഞതുപോലെ തന്നെ, അദ്ദേഹം അധികാരത്തില്‍ വന്നതോടെ യുക്രെയ്‌നുള്ള അയുധം നല്‍കല്‍ സ്ലോവാക്യ അവസാനിപ്പിക്കുകയും ചെയ്തു.

യുക്രെയ്ന്‍ വിഷയത്തില്‍ മാത്രമല്ല, രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളുടെ പേരിലും പ്രധാനമന്ത്രി റോബര്‍ട്ട്

ഫിക്കോ വിമര്‍ശിക്കപ്പെടുന്നുണ്ട്. ദേശീയ ടെലിവിഷന്‍-റേഡിയോ പ്രവര്‍ത്തനങ്ങളുടെ നിഷ്പക്ഷതയെ തുരങ്കം വയ്ക്കുന്നതായി ആരോപിക്കപ്പെടുന്നൊരു നിയമത്തിന്റെ പേരിലും വലിയ ജനകീയ പ്രക്ഷോഭം പ്രധാനമന്ത്രിക്ക് നേരെ നടക്കുന്നുണ്ടായിരുന്നു.

ഇതാദ്യമായാണ് സ്ലോവാക്യയില്‍ ഭരണാധികാരികള്‍ക്കെതിരേ ആക്രമണം ഉണ്ടാകുന്നത്. രാജ്യത്ത് ഇതുവരെ ഒരു പ്രധാനമന്ത്രിയോ മന്ത്രിമാരോ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം. 1990 ല്‍ സാമ്പത്തികകാര്യ മന്ത്രിയായിരുന്ന ജാന്‍ ഡുക്കി വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, അതിനു പിന്നില്‍ രാഷ്ട്രീയ കാരണമല്ലായിരുന്നു. റോബര്‍ട്ട് ഫിക്കോയ്‌ക്കെതിരായ ആക്രമത്തില്‍ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ' നീചമായ ആക്രമണം' എന്നാണ് പ്രതികരിച്ചത്.

 

robert fico