ഇന്ത്യയില്‍ നിന്ന് കടത്തിയ പുരാതന വിഗ്രങ്ങള്‍ യുഎസ് തിരികെ നല്‍കും; വിട്ടുനല്‍കുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കള്‍

തിരികെ നല്‍കുന്നവയില്‍ പ്രധാനപ്പെട്ട ശിവ നടരാജ വിഗ്രഹം തഞ്ചാവൂര്‍ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടി താലൂക്കിലെ ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിലേതാണെന്ന് തിരിച്ചറിഞ്ഞു. 2002-ല്‍ ന്യൂയോര്‍ക്കിലെ ഡോറിസ് വീനര്‍ ഗാലറിയില്‍ നിന്നാണ് മ്യൂസിയം ഈ വിഗ്രഹം വാങ്ങിയത

author-image
Biju
New Update
vigraham

ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ സ്മിത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് ഏഷ്യന്‍ ആര്‍ട്ട്, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങള്‍ ഇന്ത്യക്ക് തിരികെ നല്‍കുന്നു.

1950-കളില്‍ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ഈ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് ഗവേഷണത്തിലൂടെ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

തിരികെ ലഭിക്കുന്ന വിഗ്രഹങ്ങള്‍

    പന്ത്രണ്ടാം നൂറ്റാണ്ടിലെ സോമസ്‌കന്ദ വിഗ്രഹം
    പതിനാറാം നൂറ്റാണ്ടിലെ സുന്ദരമൂര്‍ത്തി നായനാരും പറവൈ നാച്ചിയാരും ഉള്‍പ്പെടുന്ന വിഗ്രഹം
    എഡി 990-ലേതെന്ന് കരുതപ്പെടുന്ന ശിവ നടരാജ വിഗ്രഹം

ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആര്‍ക്കൈവ്‌സിലെ പഴയ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിഗ്രഹങ്ങള്‍ 1950-കളില്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയത്.

1956-നും 1959-നും ഇടയില്‍ എടുത്ത ഈ ചിത്രങ്ങള്‍ വിഗ്രഹങ്ങള്‍ മോഷണം പോയതാണെന്നതിന് ശക്തമായ തെളിവായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അംഗീകരിച്ചു. ഇന്ത്യന്‍ നിയമപ്രകാരം ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ ഇരിക്കുന്ന നിലയിലുള്ള ഇത്തരം പഴയ ചിത്രങ്ങള്‍ മോഷണം തെളിയിക്കാനുള്ള പ്രധാന രേഖകളാണ്.

അമൂല്യമായ  നടരാജ വിഗ്രഹം

തിരികെ നല്‍കുന്നവയില്‍ പ്രധാനപ്പെട്ട ശിവ നടരാജ വിഗ്രഹം തഞ്ചാവൂര്‍ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടി താലൂക്കിലെ ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിലേതാണെന്ന് തിരിച്ചറിഞ്ഞു. 2002-ല്‍ ന്യൂയോര്‍ക്കിലെ ഡോറിസ് വീനര്‍ ഗാലറിയില്‍ നിന്നാണ് മ്യൂസിയം ഈ വിഗ്രഹം വാങ്ങിയത്. എന്നാല്‍ വിഗ്രഹത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഗാലറി നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

സാംസ്‌കാരിക പൈതൃകങ്ങളെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മ്യൂസിയം ഡയറക്ടര്‍ ചേസ് റോബിന്‍സണ്‍ പറഞ്ഞു. വിഗ്രഹങ്ങള്‍ തിരികെ നല്‍കാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ എംബസിയുമായും എ.എസ്.ഐയുമായും മ്യൂസിയം അധികൃതര്‍ സഹകരിക്കുന്നുണ്ട്.

അതേസമയം, ശിവ നടരാജ വിഗ്രഹം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചതിന് മ്യൂസിയം ഡയറക്ടര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ചു.

അമേരിക്കയിലെ ആദ്യത്തെ ദേശീയ കലാ മ്യൂസിയമായ നാഷണല്‍ മ്യൂസിയം ഓഫ് ഏഷ്യന്‍ ആര്‍ട്ട്, സാംസ്‌കാരിക മോഷണങ്ങള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. വിഗ്രഹങ്ങള്‍ ഉടന്‍ തന്നെ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറും.