സോഫി കിൻസെല്ല
എഴുത്തുകാരി സോഫി കിൻസെല്ലയ്ക്ക് അർബുദം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അപകടകാരിയായ മസ്തിഷ്കാർബുദം ബാധിച്ച വിവരം സോഫി പങ്കുവെച്ചത്. ഷോപഹോളിക് എന്ന ബുക് സീരീസിലൂടെയാണ് സോഫി പ്രശസ്തി നേടിയത്.
ഏറെ നാളായി താൻ ആരോഗ്യവിവരം പങ്കുവെക്കണമെന്ന് കരുതിയിരിക്കുകയായിരുന്നെന്നും എന്നാൽ അതിനുള്ള കരുത്ത് നേടാനായി കാത്തിരിക്കുകയായിരുന്നെന്നും സോഫി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2022 ൻറെ അവസാനമാണ് തനിക്ക് ഗ്ലിയോബ്ലാസ്റ്റോമ എന്ന തീവ്രവ്യാപനശേഷിയുള്ള മസ്തിഷ്കാർബുദം ബാധിക്കുന്നത്. തെൻറെ മക്കൾ ഈ വാർത്തയെ ഉൾക്കൊള്ളാനും സാധാരണ സ്ഥിതിയിലേക്ക് എത്താനുമൊക്കെ വേണ്ടിയാണ് നേരത്തേ പറയാതിരുന്നത്.
ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലാണ് സർജറിക്കു ശേഷമുള്ള റോഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയിലൂടെ കടന്നുപോവുകയാണെന്നും സോഫി കുറിപ്പിൽ പറഞ്ഞു. നിലവിൽ വലിയ കുഴപ്പമില്ലാതെ സുഖം പ്രാപിച്ചുവരുന്നുണ്ട്, എങ്കിലും ക്ഷീണിതയും ഓർമശക്തി മുമ്പത്തേക്കാൾ മോശവുമാണ്.
സോഫിയുടെ പുസ്തകങ്ങൾ ഏകദേശം 45 ദശലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്. അറുപതിലേറെ രാജ്യങ്ങളിലായി നാൽപതിൽപരം ഭാഷകളിൽ സോഫിയുടെ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.