ദക്ഷിണ കൊറിയയിൽ അടിയന്തരാവസ്ഥ ;പ്രതിപക്ഷ എംപിമാര്‍ വോട്ട് ചെയ്ത് പ്രതിഷേധിച്ചപ്പോൾ നിയമം പിന്‍വലിച്ചു

അമ്പരപ്പിച്ച പ്രഖ്യാപനമായിരുന്നു അത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

author-image
Rajesh T L
New Update
M.M

അമ്പരപ്പിച്ച പ്രഖ്യാപനമായിരുന്നു അത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രതിപക്ഷ എംപിമാര്‍ അടിയന്തരാവസ്ഥയ്ക്കെതിരെ വോട്ട് ചെയ്തതോടെ നിയമം പിന്‍വലിച്ചു. 

വിഷയത്തില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ രാജ്യത്തെ പാര്‍ലമെന്റ് സ്തംഭിച്ചു. ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണി ദക്ഷിണ കൊറിയയില്‍ സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസിഡണ്ട് യൂന്‍ സുക് യോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പട്ടാള നിയമം നടപ്പിലാക്കിയ നടപടിയില്‍, ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 190 അംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റിന് പുറത്ത് ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുകയും പ്രസിഡന്റിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. 

പ്രതിഷേധം ശക്തമായതോടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ആറ് മണിക്കൂറിനുള്ളില്‍ ഉത്തരവ് പിന്‍വലിച്ചു. എന്നാല്‍, പ്രതിപക്ഷം പിന്മാറാന്‍ തയ്യാറായിട്ടില്ല. പ്രസിഡന്റ് രാജിവയ്ക്കുന്നത് വരെ പണിമുടക്കുമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം പ്രസിഡന്റിന് വലിയ തലവേദനയായി മാറിയിരിക്കുന്നു.

മണിക്കൂറുകള്‍ മാത്രം നീണ്ട അടിയന്തരാവസ്ഥ രാജ്യത്ത് വലിയ കലാപം സൃഷ്ടിച്ചു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സിയോളിലെ പാര്‍ലമെന്റിന് പുറത്ത്  കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്.  പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. അടിയന്തര സൈനിക നിയമം പിന്‍വലിക്കണമെന്നും യൂന്‍ സുക് യോളിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ മുദ്രാവാക്യം മുഴക്കി .ആകെയുള്ള 300 എംപിമാരില്‍ 190 പേരും അടിയന്തരാവസ്ഥക്കെതിരെ വോട്ട് ചെയ്തു. വോട്ടെടുപ്പിന് ശേഷം സ്പീക്കര്‍ പട്ടാള നിയമം അസാധുവായി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിച്ച സൈന്യത്തെ വൈകുന്നേരത്തോടെ പിന്‍വലിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപനം പിന്‍വലിച്ചതായി പ്രസിഡന്റ് യൂണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. ദക്ഷിണ കൊറിയയിലെ സ്ഥിതിഗതികളില്‍ യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുര്‍ട്ട് കാംബെല്‍ ഖേദം പ്രകടിപ്പിച്ചു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.സൈനിക നിയമം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച കൊറിയന്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഓഹരി വിപണയും തകര്‍ന്നു.

south korea State Of Emergency