ക്രൂ 11 തിരിച്ചിറക്കം വിജയം; ആകാംക്ഷയില്‍ പത്തര മണിക്കൂര്‍

ഐഎസ്എസിന്റെ (രാജ്യാന്തര ബഹിരാകാശ നിലയം) 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വന്നത്.

author-image
Biju
New Update
nasa 2

കലിഫോര്‍ണിയ: ബഹിരാകാശ യാത്രികരില്‍ ഒരാളുടെ ആരോഗ്യ പ്രശ്‌നത്തെത്തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്ന ക്രൂ-11 ദൗത്യ സംഘം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോര്‍ണിയ തീരത്ത് കടലില്‍ സുരക്ഷിതമായി ഇറങ്ങി. (സ്പ്ലാഷ് ഡൗണ്‍). 13 മിനിറ്റ് നീളുന്ന ഡീഓര്‍ബിറ്റ് ജ്വലനത്തിനു ശേഷമാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം കടലില്‍ ഇറങ്ങിയത്. വൈദ്യചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റു മൂന്നു ക്രൂ അംഗങ്ങളുമാണ് മടങ്ങുന്നത്. ഐഎസ്എസിന്റെ (രാജ്യാന്തര ബഹിരാകാശ നിലയം) 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വന്നത്. ചരിത്രപരമായ ഈ  തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്തു.

യുഎസ്, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്. സീന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടക്കയാത്ര നടത്തുന്നവര്‍. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിലാണ് ഇവര്‍ മടങ്ങുന്നത്. ക്രൂ-11 മടങ്ങുന്നതോടെ ബഹിരാകാശ നിലയത്തില്‍ താല്‍ക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും. നിലവില്‍ 7 പേരുള്ളിടത്ത്, ഇവര്‍ മടങ്ങുന്നതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യന്‍ സഞ്ചാരികളും മാത്രമാകും അവശേഷിക്കുക. രോഗബാധിതനായ സഞ്ചാരിയെ തിരിച്ചെത്തിച്ച ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്കായി മാറ്റും.

നിലയത്തില്‍നിന്ന് അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സംഘം പത്തര മണിക്കൂറെടുത്താണ് ഭൂമിയില്‍ എത്തുക. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വച്ചാണ് നിലയത്തില്‍നിന്നു പേടകം വേര്‍പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.11 ഓടെ ക്രൂ-11 ദൗത്യസംഘവുമായി എത്തുന്ന പേടകം കലിഫോര്‍ണിയ തീരത്ത് കടലില്‍ ഇറങ്ങും.

2025 ഓഗസ്റ്റിലാണ് ക്രൂ-11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ദൗത്യസംഘത്തില്‍ ഒരാള്‍ക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെ മടക്കം നേരത്തേയാക്കി. അതേസമയം, സ്വകാര്യത മാനിച്ച് ദൗത്യസംഘത്തില്‍ ആര്‍ക്കാണ് വൈദ്യസഹായം വേണ്ടതെന്നും അസുഖം എന്താണെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.