/kalakaumudi/media/media_files/2025/07/04/pappurew-2025-07-04-20-16-21.jpg)
ബാങ്കോക്ക്: മൂന്ന് പാമ്പുകളെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശി തായ് വിമാനത്താവളത്തില്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വല ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് പെരുമ്പാമ്പുകളെ കണ്ടെത്തുകയായിരുന്നു.
ശ്രീലങ്കന്‍ സ്വദേശിയായ ഷെഹാന്‍ എന്ന യുവാവിനെ അറസ്റ്റുചെയ്തതായി തായ്ലന്‍ഡ് വൈല്‍ഡ്ലൈഫ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് ലക്ഷങ്ങള്‍ വിലമതിക്കുന്ന പെരുമ്പാമ്പുകളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതായി തായ്ലന്‍ഡ് വൈല്‍ഡ്ലൈഫ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കണ്‍വെന്‍ഷന്റെ അനുബന്ധം രണ്ട് പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു ഇനമായ ബോള്‍ പെരുമ്പാമ്പുകളെയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഔദ്യോഗിക അനുമതിയില്ലാതെ അവ കയറ്റുമതി ചെയ്യാനോ ഇറക്കുമതി ചെയ്യാനോ കഴിയില്ല.
അനുമതിയില്ലാതെ വന്യജീവികളെ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചാല്‍, പ്രതിക്ക് 10 വര്‍ഷം വരെ തടവോ, 30,900അമേരിക്കന്‍ ഡോളര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. വിദേശ മൃഗങ്ങളെ അന്താരാഷ്ട്ര തലത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഷെഹാന്‍ പിടിക്കപ്പെടുന്നത് ഇതാദ്യമല്ല. ബാങ്കോക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലെ കൊളംബോയില്‍ വെച്ച് ചെന്നായ്ക്കള്‍, മീര്‍ക്കറ്റുകള്‍, കൊക്കറ്റൂകള്‍, ഷുഗര്‍ ഗ്ലൈഡറുകള്‍, മുള്ളന്‍പന്നികള്‍, ഇഗ്വാനകള്‍ എന്നിവയുള്‍പ്പെടെ നിരവധി വന്യജീവികളെ ഉദ്യോഗസ്ഥര്‍ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച യാത്രയ്കാകായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ ഇയാളുടെ ലഗേജ് എക്‌സ്-റേ സ്‌കാന്‍ നടത്തി പരിശോധിച്ചെങ്കിലും നിയമവിരുദ്ധമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് വലയ്ക്കുള്ളിലാക്കി ഇയാളുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പുകളെ കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.
പാമ്പുകളെ വീടുകളില്‍ വളര്‍ത്താന്‍ പാടില്ല. പക്ഷേ വിദേശ രാജ്യങ്ങളില്‍ പാമ്പുകളെ വീടുകളില്‍ വളര്‍ത്തുന്നത് സാധാരണമാണ്. ഇപ്പോള്‍ ഇന്ത്യയിലും വിദേശ പെരുമ്പാമ്പുകളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. ലക്ഷങ്ങളാണ് ഓരോ പാമ്പിന്റെയും വില. ഏറ്റവും പ്രചാരമുള്ള വളര്‍ത്തു പാമ്പാണ് ബോള്‍ പെരുമ്പാമ്പുകള്‍ അഥവാ റോയല്‍ പെരുമ്പാമ്പുകള്‍. സൗത്ത് ആഫ്രിക്കയാണ് ഇവയുടെ ജന്മദേശം എന്ന് പറയപ്പെടുന്നു.