ശ്രീലങ്കയില്‍ നാശംവിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; 66 മരണം

നിരവധി പേരെ ഇപ്പോഴും കണ്ടെത്തായിട്ടില്ല. രാജ്യത്ത് വ്യാപകമായുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

author-image
Biju
New Update
sree

ശ്രീലങ്ക: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. രണ്ടുദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റില്‍ 56 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്തായിട്ടില്ല. രാജ്യത്ത് വ്യാപകമായുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ ശ്രീലങ്കയിലെത്തിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനംനേര്‍ന്ന മോദി ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു. 

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു'', മോദി എക്‌സില്‍ കുറിച്ചു. പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിലെത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അയല്‍പക്കക്കാരോടുള്ള പ്രഥമ നയവും 'മഹാസാഗര്‍' എന്ന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തിര സഹായം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ അയല്‍ രാജ്യങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച ഇന്ത്യന്‍ നാവികസേനയുടെ മാനുഷിക സഹായ-ദുരന്ത നിവാരണ (ഒഅഉഞ) ദൗത്യമാണ് ഓപ്പറേഷന്‍ സാഗര്‍ ബന്ധു. ഈ പ്രവര്‍ത്തനത്തിന് കീഴില്‍, ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം അല്ലെങ്കില്‍ മറ്റ് പ്രതിസന്ധികള്‍ ബാധിച്ച രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവിക കപ്പലുകള്‍, വിമാനങ്ങള്‍, മെഡിക്കല്‍ സംഘങ്ങള്‍ എന്നിവവഴി ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുകയും ഭക്ഷണം, മരുന്നുകള്‍, രക്ഷാപ്രവര്‍ത്തനം, ലോജിസ്റ്റിക്‌സ് തുടങ്ങിയ അടിയന്തര സഹായം നല്‍കുകയും ചെയ്യുന്നു.

ഇതിന്റെ ഭാഗമായി ശ്രീലങ്കയുടെ നിലവിലുള്ള വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിനെ വിന്യസിക്കുമെന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിഴക്കന്‍ ട്രിങ്കോമലി മേഖലയില്‍ ആഞ്ഞടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായി ശ്രീലങ്ക കാരിയറിന്റെ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഔദ്യോഗികമായി അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ശ്രീലങ്കയില്‍ ഡിറ്റ് വാ ചുഴല്ക്കാറ്റ് ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 12,313 കുടുംബങ്ങളിലെ 43,991 പേരെ ഇത് ബാധിച്ചതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ സ്‌കൂളുകളിലേക്കും പൊതു ഷെല്‍ട്ടറുകളിലേക്കും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചതായി ഡിഎംസി അറിയിച്ചു. വരുംമണിക്കൂറുകളില്‍ കൊടുങ്കാറ്റ് രൂക്ഷമാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതുല്യമായ തീരദേശ ആവാസവ്യവസ്ഥയ്ക്ക് പേരുകേട്ട സൊകോത്ര ദ്വീപിലെ ലഗൂണിനെ സൂചിപ്പിക്കുന്ന 'ഡിറ്റ് വാ' എന്ന പേര് യെമന്‍ സംഭാവന ചെയ്തതാണ്. ശ്രീലങ്കയുടെ തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മണിക്കൂറായി കാറ്റ് മണിക്കൂറില്‍ പത്ത് കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങുകയാണ്.

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, അടുത്ത 48 മണിക്കൂറിനുള്ളില്‍ കൊളംബോ ഉള്‍പ്പെടെയുള്ള കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും മേഖലയില്‍ ജനജീവിതം താറുമാറായിയിരിക്കുകയാണ്. സ്‌കൂളുകള്‍, പൊതുഗതാഗതം, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയെല്ലാം രാജ്യത്ത് പ്രവര്‍ത്തനരഹിതമാണ്. സമീപകാലത്ത് ശ്രീലങ്ക നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.

അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മഞ്ഞ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.