/kalakaumudi/media/media_files/2025/07/29/star-2025-07-29-22-23-35.jpg)
ലണ്ടന്‍: പലസ്തീനില്‍ പട്ടിണിയുദ്ധമെന്ന ആരോപണം കടുക്കുകയും ലോകരാഷ്ട്രങ്ങളില്‍ പലരും ഇസ്രയേലിനെതിരെ തിരിയുകയും ചെയ്ത സാഹചര്യത്തില്‍ ഇസ്രയേലിന് മുന്നറിയിപ്പുമായി ബ്രിട്ടനും.
ഗാസയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയും ദീര്‍ഘകാല സമാധാനത്തിലേക്കുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ സെപ്റ്റംബറില്‍ ബ്രിട്ടന്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഗസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ സ്റ്റാര്‍മര്‍ പ്രത്യേക മന്ത്രിസഭായോഗവും വിളിച്ചിരുന്നു.
ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും വെടിനിര്‍ത്തല്‍ കരാറില്‍ എത്തുകയും, വെസ്റ്റ് ബാങ്കില്‍ പിടിച്ചെടുക്കല്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും സമാധാനം നടപ്പിലാക്കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. സമാധാനപരമായ രീതിയില്‍ ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ പലസ്തീനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കേണ്ട നിലപാട് സ്വീകരിക്കുമെന്നും സ്റ്റാര്‍മര്‍ പറയുന്നു.
ഇസ്രായേലിനൊപ്പം നിലനില്‍ക്കുന്ന ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ ബ്രിട്ടന്‍ വളരെക്കാലമായി പിന്തുണച്ചിട്ടുണ്ട്, എന്നാല്‍ സംഘര്‍ഷത്തിന് ചര്‍ച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരം വേണണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയോലിന്റെ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പലസ്തീനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ അദ്ദേഹം സെപ്റ്റംബര്‍ വരെ സമയവും നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് ബ്രിട്ടന്റെ നിലപാടും വന്നിരിക്കുന്നത്.