/kalakaumudi/media/media_files/2025/09/10/qatar-2025-09-10-09-30-42.jpg)
ഖത്തര്‍: ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍-താനി. തങ്ങള്‍ക്കു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ 'സ്റ്റേറ്റ് ടെററിസം ' എന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. ആക്രമണത്തെ മുസ്ലിം വേള്‍ഡ് ലീഗും അപലപിച്ചു. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുംമുസ്ലിം വേള്‍ഡ് ലീഗ് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് പ്രവാസ ലോകത്തെ ഞെട്ടിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്ഫോടനം നടന്നത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും വലിയ പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചു.
മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തറിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. ഇത്തരം ആക്രമണങ്ങളിലൂടെ അതിന് തടയിനാകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍-താനി പറഞ്ഞു.ദോഹയില്‍ ഹമാസ് നേതാക്കളെ ഇസ്രായേല്‍ ആക്രമിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിലെ യുദ്ധത്തില്‍ കെയ്റോയ്ക്കും വാഷിംഗ്ടണിനുമൊപ്പം ദോഹയും ഇസ്രായേലിനും ഹമാസിനും ഇടയില്‍ ഒരു പ്രധാന മധ്യസ്ഥനായിരുന്നു.