നിഖില്‍ ഗുപ്തയെ യുഎസിന് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

കുറ്റാരോപിതനായ നിഖിലിനെ കൂടുതല്‍ അന്വേഷണത്തിനായി യുഎസിന് കൈമാറാമെന്ന് ചെക്ക് റിപ്പബ്ലിക് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

author-image
anumol ps
New Update
nikhil gupta

നിഖില്‍ ഗുപ്ത

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 പ്രാഗ്: ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തയെ യുഎസിന് കൈമാറാന്‍ അനുവദിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെ പരമോന്നത കോടതി. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്നയാളാണ് നിഖില്‍ ഗുപ്ത. പന്നുവിനെ വധിക്കാന്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിഖില്‍ ഗുപ്ത വഴി പദ്ധതിയിട്ടു എന്ന് യുഎസ് ആരോപിച്ചിരുന്നു. കുറ്റാരോപിതനായ നിഖിലിനെ കൂടുതല്‍ അന്വേഷണത്തിനായി യുഎസിന് കൈമാറാമെന്ന് ചെക്ക് റിപ്പബ്ലിക് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. നിഖിലിനെ കൈമാറാനുള്ള കാലതാമസം പൊതുതാല്പര്യത്തിന് യാതൊരു വിഘാതവും സൃഷ്ടിക്കില്ലെന്നും ആനുപാതികമായി അദ്ദേഹത്തിന് തന്നെയാണ് കൂടുതല്‍ ദോഷം വരുത്തുകയെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. 

പന്നുവിനെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയെന്നും എന്നാല്‍ അയാള്‍ യുഎസിന്റെ രഹസ്യാന്വേഷണ ഏജന്റായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഗുപ്ത നിലവില്‍ ചെക്ക് ജയിലിലാണ്. ഗൂഢാലോചനയും കൊലപാതകത്തിന് പദ്ധതിയിട്ടതും തെളിഞ്ഞാല്‍ ഇരുപതു വര്‍ഷം വരെ ഇയാള്‍ക്ക് ജയില്‍ശിക്ഷ ലഭിച്ചേക്കും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും ആരുടേയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. പന്നുവിനെ യുഎസില്‍ കൊലപ്പെടുത്താന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. യുഎസ് കൈമാറിയ ചില വിവരങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഒരു ലക്ഷം യുഎസ് ഡോളറിനാണു ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഇതില്‍ 15,000 ഡോളര്‍ മുന്‍കൂറായി കൈമാറുകയും ചെയ്തു. പണം കൈമാറുന്നതിന്റെ ചിത്രമടക്കം കുറ്റപത്രത്തിലുണ്ട്. കാനഡയില്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ ജൂണ്‍ 18നു കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് 'ഓഫിസര്‍' പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. അതു പോലെ പന്നുവും ലക്ഷ്യമാണെന്നും ഇതു നടത്തിയാല്‍ കൂടുതല്‍ 'ജോലി' തരാമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.

2023ലാണ് നിഖില്‍ അറസ്റ്റിലാകുന്നത്. ഇതിനെതിരെ നിഖില്‍ കോടതിയെ സമീപിരുന്നു. തനിക്കുനേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നിഖില്‍ ആരോപിച്ചു. നിഖില്‍ ഗുപ്തയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ജയിലില്‍ കഴിയുന്ന നിഖില്‍ ഗുപ്തയുടെ മോചനത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. വിദേശകാര്യമന്ത്രാലയം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണിതെന്നും ചെക്ക് റിപ്പബ്ലിക്കിലെ കോടതിയെത്തന്നെ സമീപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 

nikhil gupta