വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും സുപ്രീം കോടതിയില്‍ നിന്ന് കനത്ത വിമര്‍ശനം. ഇന്ത്യയ്ക്കുമേല്‍ ഉള്‍പ്പെടെ ട്രംപ് പ്രഖ്യാപിച്ച പകരംതീരുവകള്‍ നിയമാനുസൃതമാണോയെന്ന് ജഡ്ജിമാര്‍ സംശയം പ്രകടിപ്പിച്ചതോടെ, തീരുവകള്‍ റദ്ദാക്കുമെന്ന സൂചനകള്‍ ശക്തമായി. നേരത്തേ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയും അപ്പീല്‍ കോടതിയും ട്രംപിന്റെ തീരുവകള്‍ നിയമവിരുദ്ധമാണെന്നും ഇല്ലാത്ത അധികാര പ്രയോഗമാണെന്നും വിധിച്ചിരുന്നു.
ഇതിനെതിരെ ട്രംപ് നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. തീരുവയിന്മേല്‍ സുപ്രീം കോടതി ഇന്നലെ വിധി പറയുമെന്നായിരുന്നു കരുതിയതെങ്കിലും മാറ്റിവച്ചു. ട്രംപിന്റെ വാദം കേള്‍ക്കുക മാത്രമാണ് കോടതി ചെയ്തത്. ഇതിനിടെയായിരുന്നു തീരുവകള്‍ നിലനില്‍ക്കുമോയെന്ന സംശയം ജഡ്ജിമാര്‍ പ്രകടിപ്പിച്ചതും.
1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രകാരമായിരുന്നു ട്രംപ് ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ കനത്ത പകരംതീരുവ പ്രഖ്യാപിച്ചത്. യുഎസ് കോണ്‍ഗ്രസിനെ മറികടന്ന് ഇങ്ങനെ തീരുവ ഏകപക്ഷീയമായി ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്ന് കാട്ടി ഏതാനും ചെറുകിട ബിസിനസുകളും ചില സംസ്ഥാന സര്‍ക്കാരുകളുമാണ് കോടതിയിലെത്തിയത്.
താരിഫ് യുഎസിലെ ജനങ്ങളെ ബാധിക്കില്ലെന്നും അതു നികുതി അല്ലെന്നും ട്രംപിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജിമാര്‍ തള്ളി. ഫലത്തില്‍, താരിഫുകള്‍ അമേരിക്കന്‍ ജനങ്ങള്‍ക്കാണ് ഇപ്പോള്‍ ബാധ്യതയായിരിക്കുന്നതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. യുഎസ് കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണ് ട്രംപ് ചെയ്തതെന്നും അങ്ങനെയായാല്‍ കോണഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു.
യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവയും ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്ക് 50% വീതവും തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ചൈനയ്ക്കുമേല്‍ ഫെന്റാനില്‍ ഇറക്കുമതി ചൂണ്ടിക്കാട്ടി 57% തീരുവയും ചുമത്തിയിരുന്നു. തീരുവകള്‍ വഴി 2035ഓടെ 3 ട്രില്യന്‍ ഡോളറിന്റെ വരുമാനം യുഎസ് ഗവണ്‍മെന്റിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനകം 151 ബില്യന്‍ ഡോളര്‍ സമാഹരിച്ചു. 2024നെ അപേക്ഷിച്ച് 300 ശതമാനത്തിലധികമാണ് വര്‍ധന.
തീരുവകള്‍ റദ്ദാക്കിയാല്‍ അമേരിക്കയ്ക്ക് അതു വന്‍ ദുരന്തവും നാണക്കേടുമാകുമെന്നും സുപ്രീം കോടതിയിലേത് ജീവന്മരണ പോരാട്ടമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിയില്‍ ഇന്നലെ വാദം രണ്ടരമണിക്കൂര്‍ നീണ്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
