കുപ്രസിദ്ധ സ്വീഡിഷ് ബാങ്ക് മോഷ്ടാവ് ക്ലാര്‍ക് ഒലോഫ്‌സണ്‍ അന്തരിച്ചു

നിരവധി മോഷണങ്ങളും ജയില്‍വാസങ്ങളും നിറഞ്ഞ ജീവിതമായിരുന്നു ഒലോഫ്‌സണിന്റേത്. പലതവണ ജയില്‍ ചാടുകയും പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടുകയും ചെയ്ത ചരിത്രവുമുണ്ട് ഒലോഫ്‌സണിന്

author-image
Biju
New Update
kazfd

ലണ്ടന്‍: 'സ്റ്റോക്ഹോം സിന്‍ഡ്രോമിന്റെ' കാരണക്കാരന്‍ സ്വീഡനിലെ ഏറ്റവും കുപ്രസിദ്ധനായ ക്രിമിനല്‍ ക്ലാര്‍ക് ഒലോഫ്‌സണ്‍ (78) അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖബാധയെത്തുടര്‍ന്ന് സ്വീഡനിലെ അര്‍വികയിലെ ആശുപത്രിയില്‍ ജൂണ്‍ 24നാണ് ഒലാഫ്‌സണ്‍ അന്തരിച്ചതെന്നു കുടുംബം അറിയിച്ചു. സ്റ്റോക്ഹോം സിന്‍ഡ്രോമിന്റെ (ബന്ദികളാക്കപ്പെടുന്നവര്‍ക്ക് തടവിലാക്കിയവരോട് അടുപ്പം തോന്നുന്ന മാനസികാവസ്ഥ) ഉപജ്ഞാതാവായ ബാങ്ക് കൊള്ളക്കാരന്‍ എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ് ക്ലാര്‍ക് ഒലോഫ്‌സണ്‍.

നിരവധി മോഷണങ്ങളും ജയില്‍വാസങ്ങളും നിറഞ്ഞ ജീവിതമായിരുന്നു ഒലോഫ്‌സണിന്റേത്. പലതവണ ജയില്‍ ചാടുകയും പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടുകയും ചെയ്ത ചരിത്രവുമുണ്ട് ഒലോഫ്‌സണിന്. സ്വീഡന്റെ ആദ്യ പോപ് ഗാങ്സ്റ്റര്‍ ആയിരുന്നു ഒലോഫ്‌സണ്‍. 2022ല്‍ നെറ്റ്ഫ്‌ലിക്‌സ് ഇയാളുടെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തിരുന്നു. 

1973ലെ ബാങ്ക് കൊള്ളയാണ് സ്റ്റോക്ഹോം സിന്‍ഡ്രോമിന്റെ ഉപജ്ഞാതാവായി ഒലോഫ്‌സണിനെ മാറ്റിയത്. 1973 ഓഗസ്റ്റ് 23ന് സ്വീഡനിലെ സ്റ്റോക്‌ഹോമിലെ നോര്‍മല്‍സ്‌ട്രോമിലുള്ള ക്രെഡിറ്റ്ബാങ്കന്‍ എന്ന ബാങ്കില്‍ ജാനെ ഒല്‍സന്‍ എന്ന മോഷ്ടാവ് കൊള്ള നടത്തിയിരുന്നു. മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും ആറു ദിവസത്തോളം ഇയാള്‍ ബന്ദിയാക്കി. അന്നു ജയിലില്‍ കഴിയുകയായിരുന്ന ഒലോഫ്‌സണെ ബാങ്കില്‍ എത്തിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതു സമ്മതിച്ച അധികൃതര്‍ പൊലീസുകാര്‍ വളഞ്ഞ ബാങ്കിനുള്ളിലേക്ക് ഒലോഫ്‌സണെ കയറ്റിവിട്ടു.

ബാങ്കിനുള്ളിലെത്തിയ ഒലോഫ്‌സണ്‍, തടവുകാരില്‍ ഒരാളായ ക്രിസ്റ്റിന്‍ എന്‍മാര്‍ക്കിനെക്കൊണ്ട് കവര്‍ച്ചക്കാര്‍ക്കുവേണ്ടി സ്വീഡിഷ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിപ്പിച്ചിരുന്നു. കവര്‍ച്ചക്കാരെ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും അവര്‍ തങ്ങളോട് ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ എന്‍മാര്‍ക്, കവര്‍ച്ചക്കാര്‍ക്ക് രക്ഷപ്പെടാനായി അവരുടെ ആവശ്യപ്രകാരം നല്‍കുന്ന കാറില്‍ പോകാന്‍ തന്നെയും അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പലവട്ടം നടത്തിയ ഫോണ്‍കോളുകളില്‍ അവര്‍ കുറ്റവാളികളെ പുകഴ്ത്തുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''എനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ക്ലാര്‍ക് ഉറപ്പുനല്‍കിയിരുന്നു. അതുകൊണ്ട് ഞാന്‍ അയാളെ വിശ്വസിച്ചു. അന്നെനിക്ക് 23 വയസ്സാണ് പ്രായം, ജീവനില്‍ പേടിയുണ്ടായിരുന്നു. എനിക്കു രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ ഈ കാര്യങ്ങള്‍ ചെയ്തു''. 

ആറു ദിവസങ്ങള്‍ക്കുശേഷം മേല്‍ക്കൂര തകര്‍ത്ത് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പൊലീസുകാര്‍ ബാങ്ക് കവര്‍ച്ച തകര്‍ത്തത്. 1980കളില്‍ ഒലോഫ്‌സണ്‍ ഭാര്യയ്‌ക്കൊപ്പം ബെല്‍ജിയത്തിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ അനധികൃത ലഹരിക്കടത്തിന്റെ പേരില്‍ പിടിയിലായി. സ്റ്റോക്ഹോമിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 1993ലെ കവര്‍ച്ചാക്കേസിലും ഒലോഫ്‌സണ്‍ പ്രതിയായിരുന്നു. പലവട്ടം ജയിലില്‍ക്കിടന്ന ഒലോഫ്‌സണ്‍ 2018ലാണ് അവസാനം ജയില്‍മോചിതനായത്. ഏതാനും വര്‍ഷം മുന്‍പ് ഏതോ അജ്ഞാത രോഗം മൂലം 46 കിലോയോളം ഇയാളുടെ ഭാരം കുറഞ്ഞിരുന്നു.

ക്രിമിനലുകള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തേക്കുമെന്ന ഭയത്തില്‍ ഇവരെ വിട്ടുപോകാന്‍ ബന്ദികള്‍ മടിച്ചിരുന്നു. മാത്രമല്ല,  ഒലോഫ്‌സണിനും, ഒല്‍സനുമെതിരെ മൊഴിനല്‍കാനും അന്നു ബന്ദികളാക്കപ്പെട്ടവര്‍ തയാറായിരുന്നില്ല. ബന്ദികള്‍ക്ക് അവരെ തടവിലാക്കിയ കുറ്റവാളികളോട് ഒരുതരം വൈകാരിക ബന്ധം രൂപപ്പെട്ടുവെന്നു പിന്നീടു വ്യക്തമായി. രക്ഷിക്കാന്‍ ശ്രമിക്കുന്ന പൊലീസിനോടുപോലും അവര്‍ക്കു വിരോധം തോന്നി. അവര്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.