അമേരിക്കയില്‍ കൊടുങ്കാറ്റും പേമാരിയും: അലാസ്‌കയില്‍ 20 പേരെ കാണാതായി

ന്യൂയോര്‍ക്കിന്റെ തീരമേഖലകളില്‍ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനുമുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റാണ് പ്രവചിക്കുന്നത്.

author-image
Biju
New Update
ALASKA

വാഷിങ്ടണ്‍:  യുഎസിന്റെ കിഴക്കന്‍ തീരപ്രദേശത്ത് ആഞ്ഞടിച്ച വന്‍ കാറ്റില്‍ വ്യാപക നാശനഷ്ടം. കൊടുങ്കാറ്റിനൊപ്പം പെയ്്തിറങ്ങിയ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും തീരമേഖലയിലെ റോഡുകള്‍ തകര്‍ന്നു. ഇതോടെ ഗതാഗതവും താറുമാറായി. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ തുടരുകയാണ്.

ന്യൂയോര്‍ക്കിന്റെ തീരമേഖലകളില്‍ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനുമുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റാണ് പ്രവചിക്കുന്നത്. അലാസ്‌കയിലെ കീപ്ന്യൂക്ക്, ക്വിഗില്ലിന്‍ഗോക്ക് എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള   20 ഓളം പേരെ കാണാനില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കനത്ത വെള്ളപ്പാച്ചിലില്‍ വീടുകള്‍ പലതും ഒഴുകിപ്പോയി.

ന്യൂജേഴ്‌സിയില്‍ 11-ാം തീയതി രാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവിലുണ്ട്. ഞായറാഴ്ച വൈകുന്നേരം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ എട്ട് തെക്കന്‍ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ന്യൂയോര്‍ക്ക് സിറ്റി, ലോംഗ ഐലന്‍ഡ്, തെക്കന്‍ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഉച്ചവരെ തീരദേശ വെള്ളപ്പൊക്കത്തിനും കാറ്റിനുമുള്ള മുന്നറിയിപ്പും നിലവിലുണ്ട്.


വടക്കുപടിഞ്ഞാറന്‍ നോര്‍ത്ത് കരോലിന മുതല്‍ ന്യൂജേഴ്‌സി തീരത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും നാഷണല്‍ വെതര്‍ സര്‍വീസിലെ മെറ്റീരിയോളജിസ്റ്റ് ബോബ് ഒറാവെക് വ്യക്തമാക്കി.

us