സുഡാനില്‍ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സുഡാനില്‍ ഇതുവരെയായി 1,50,000-ത്തിലധികം ആളുകള്‍ മരിച്ചു. ഏകദേശം 12 ദശലക്ഷം ആളുകള്‍ക്ക് വീടുകള്‍ വിട്ട് പലായനം ചെയ്യേണ്ടതായി വന്നു

author-image
Biju
New Update
sudan

ഖാര്‍ട്ടൂം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സുഡാനില്‍ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം. സുഡാന്‍ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ അല്‍-ഫാഷിര്‍ നഗരത്തിലെ സൈനിക ആസ്ഥാനമാണ് വിമത ഗ്രൂപ്പ് ആയ ആര്‍എസ്എഫ് പിടിച്ചെടുത്തിരിക്കുന്നത്. 

ആര്‍എസ്എഫിന്റെയും സുഡാനീസ് സൈന്യത്തിന്റെയും ഉന്നത കമാന്‍ഡര്‍മാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഒരു കടുത്ത അധികാര പോരാട്ടം ആരംഭിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് 2023 മുതല്‍ സുഡാനില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്.

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സുഡാനില്‍ ഇതുവരെയായി 1,50,000-ത്തിലധികം ആളുകള്‍ മരിച്ചു. ഏകദേശം 12 ദശലക്ഷം ആളുകള്‍ക്ക് വീടുകള്‍ വിട്ട് പലായനം ചെയ്യേണ്ടതായി വന്നു. കഴിഞ്ഞ 18 മാസമായി ആര്‍എസ്എഫ് വടക്കന്‍ ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ നഗരം ഉപരോധിച്ചിരിക്കുകയാണ്.

നിരന്തരമായ ബോംബാക്രമണവും ഭക്ഷണ, മെഡിക്കല്‍ സാധനങ്ങളുടെ കുറവും മൂലം ലക്ഷക്കണക്കിന് പേരാണ് സുഡാനില്‍ പട്ടിണിയും രോഗങ്ങളും മൂലം വലയുന്നത്. ഉപരോധസമയത്ത് ആര്‍എസ്എഫ് മനുഷ്യരാശിക്കെതിരെ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തതായി യുഎന്‍ അന്വേഷകര്‍ ആരോപിച്ചു.

ഡാര്‍ഫറിലെ അറബ് ഇതര ജനതയ്ക്കെതിരെ ആര്‍എസ്എഫ് വംശഹത്യ നടത്തിയതായി യുഎസ് വ്യക്തമാക്കുന്നു. എല്‍-ഫാഷറിന്റെ പൂര്‍ണ നിയന്ത്രണം കൂടി ആര്‍എസ്എഫ് ഏറ്റെടുക്കുന്നതോടെ സുഡാന്‍ പൂര്‍ണമായും വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ ആകുമെന്നാണ് കരുതപ്പെടുന്നത്.

sudan