മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ മോശം ഷോട്ട് കളിച്ച് പുറത്തായ ഋഷഭ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യയ്ക്ക് ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പന്ത് ടീമിനെ തോല്‍പ്പിക്കുന്നുവെന്നായിരുന്നു ഗാവസ്‌കറുടെ കമന്റ്.
നാലാം ടെസ്റ്റില്‍ പന്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ചിരുന്നു ഇതോടെയാണ് പുറത്താവുന്നത്. പുറത്താവുന്നതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാന്‍ പന്ത് ശ്രമിച്ചിരുന്നു. പിച്ചില്‍ കിടന്നുരുണ്ടിട്ടും കണക്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പന്ത് ദേഹത്ത് തട്ടുകയും ചെയ്തു. അടുത്ത തവണയും പന്ത് അതേ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ എഡ്ജായി തേര്‍ഡ് മാനിലേക്ക്, ലിയോണിന് അനായാസ് ക്യാച്ച്. 28 റണ്‍സുമായിട്ടാണ് പന്ത് പുറത്താവുന്നത്.
'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്... നിങ്ങളുടെ ക്യാച്ചെടുക്കാന്‍ രണ്ട് ഫീല്‍ഡര്‍മാര്‍ അവിടെയുണ്ട്. എന്നിട്ടും നിങ്ങള്‍ ആ ഷോട്ട് തന്നെ കളിച്ചു. അതും തൊട്ടുമുമ്പുള്ള പന്തില്‍ നിങ്ങള്‍ കണക്റ്റ് ചെയ്യാതെ പോയ ഷോട്ട്. നിങ്ങള്‍ വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള ഷോട്ട് കളിക്കേണ്ട സമയമല്ല ഇത്. സാഹചര്യം മനസിലാക്കണമായിരുന്നു. ഇതാണ് നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയെന്ന് പറയരുത്. ക്ഷമിക്കണം, ഇതല്ല നിങ്ങളുടെ സ്വതസിദ്ധമായ ശൈലി. ആ ഷോട്ട് വലിയ മണ്ടത്തരമാണ്. നിങ്ങള്‍ ടീമിനെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്.' ഗാവസ്‌കര്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി പന്തിന്റെ ഷോട്ടിനെ 'വളരെ അപകടകരമായ ഷോട്ട്' എന്നാണ് വിശേഷിപ്പിച്ചത്.