ദൗത്യത്തിന്റെ തുടക്കം മുതല്‍ വിജയം വരെ

ബഹിരാകാശ ജീവിതം നീണ്ടതോടെ സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെ ചൊല്ലി ഏറെ കിംവദന്തികള്‍ പരന്നിരുന്നു. സുനിതയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് സംഭവിച്ചത്

author-image
Biju
New Update
adrdfg

തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ടായികരുന്നു. ഇക്കുറി ബഹിരാകാശ ദൗത്യം പൂര്‍ത്തിയായത്. പ്രധാനമായും വെറും 8 ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ടവര്‍ക്ക് 287 ദിവസമാണ് ഐഎസ്എസില്‍ കഴിയേണ്ടിവന്നത്. ഒരുതരത്തില്‍ യാത്രികര്‍ക്ക് അതൊരു ഗുണമായെന്ന് പറയാം കാരണം റെക്കോഡുകള്‍ തരിരുത്തി ചരിത്രം കുറിച്ചാണ് സുനിതയും സംഘവും മടങ്ങിയെത്തിയത്. ദൗത്യത്തിന്റെ തുടക്കം മുതല്‍ വിജയകരമായി അവരെ തിരിച്ചെത്തിച്ചതുവരെയുള്ള സംഭവങ്ങള്‍ ഇങ്ങനെയാണ്.

2024 ജൂണ്‍ 5- സ്റ്റാര്‍ലൈനര്‍ ലോഞ്ച് 

സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ 5ന് ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചു. ഫ്‌ലോറിഡയിലെ കേപ് കാനവെരല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് അറ്റ്ലസ് വി റോക്കറ്റിലായിരുന്നു സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം. ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് എന്നായിരുന്നു ഈ ദൗത്യത്തിന്റെ ഔദ്യോഗിക പേര്. 

2024 ജൂണ്‍ 6ന് സുനിയും ബുച്ചും സ്‌പേസ് സ്‌റ്റേഷനില്‍

ജൂണ്‍ ആറാം തിയതി സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. അഞ്ച് ത്രസ്റ്ററുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ രണ്ടാം ശ്രമത്തില്‍ സാഹസികമായായിരുന്നു ഡോക്കിംഗ്. അങ്ങനെ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലെത്തി. 

2024 ജൂണ്‍ 18- സ്റ്റാര്‍ലൈനര്‍ മടക്കം നീട്ടുന്നു

ത്രസ്റ്ററുകളുടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ ടച്ച്ഡൗണ്‍ തിയതി ജൂണ്‍ 26 ആയി നാസ പുതുക്കി നിശ്ചയിച്ചു. ഹീലിയം ചോര്‍ച്ചയും വര്‍ധിച്ചതോടെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചിറക്കുന്നത് വീണ്ടും മാറ്റിവെക്കുന്നതായും നാസയുടെ അറിയിപ്പ് വന്നു. 

2024 ജൂലൈ 2- സിഎഫ്ടി ദൗത്യം വീണ്ടും നീട്ടി

സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്റര്‍ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ സമയം നാസ അനുവദിച്ചു. സിഎഫ്ടിയുടെ പരമാവധി ദൈര്‍ഘ്യം 45 ദിവസമായി നാസ മുമ്പ് നിശ്ചയിച്ചിരുന്ന സ്ഥാനത്തായിരുന്നു ഈ തിരികെ ലാന്‍ഡിംഗ് വൈകിപ്പിക്കല്‍. വേനലിന്റെ അവസാനം പേടകം തിരിച്ചിറക്കിയാല്‍ മതിയെന്ന് നാസ തീരുമാനിച്ചു.

2024 ഓഗസ്റ്റ് 24- സ്റ്റാര്‍ലൈനര്‍ കാലിയായി ഭൂമിയിലേക്ക്

സഞ്ചാരികളുടെ അപകട സാധ്യത മുന്നില്‍ക്കണ്ട് നാസ ഒടുവില്‍ ഒരു തീരുമാനം കൈക്കൊണ്ടു. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ആളില്ലാതെ ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ് സ്‌പേസ് ഹാര്‍ബറില്‍ നിലത്തിറക്കാന്‍ നാസ തീരുമാനിക്കുകയായിരുന്നു. സുനിത വില്യംസും ബുച്ച് വില്‍മോറും 2025 ഫെബ്രുവരി വരെ നിലയത്തില്‍ തുടരാനും ധാരണയായി. 

2024 ഓഗസ്റ്റ് 30- ക്രൂ-9 ദൗത്യത്തില്‍ രണ്ട് സീറ്റ് ഒഴിച്ചിട്ട് പരീക്ഷണം

സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരിക ലക്ഷ്യമിട്ട് നാസ, ക്രൂ-9 ദൗത്യത്തിന്റെ ഡ്രാഗണ്‍ പേടകത്തിലെ രണ്ട് കസേരകള്‍ ഒഴിച്ചിടാന്‍ തീരുമാനമെടുത്തു. സാധാരണയായി നാല് ബഹിരാകാശ യാത്രികരാണ് ഒരു പേടകത്തിലുണ്ടാവുക. 

2024 സെപ്റ്റംബര്‍ 7- ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍

തിരിച്ചുവരവിന് നിശ്ചയിച്ചിരുന്നതില്‍ നിന്ന് ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം നാസയും ബോയിംഗും ചേര്‍ന്ന് ന്യൂ മെക്‌സിക്കോയില്‍ നിലത്തിറക്കി. 

2024 സെപ്റ്റംബര്‍ 13- ബുച്ച്, സുനി ടെലികോണ്‍ഫറന്‍സ്

അന്താരാഷ്ട്ര ബഹിരാകാശത്തില്‍ നിന്ന് ടെലികോണ്‍ഫറന്‍സ് വഴി സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലുള്ളവരുമായി സംസാരിച്ചു. 

2024 സെപ്റ്റംബര്‍ 22- സുനിത വില്യംസ് ഐഎസ്എസ് കമാന്‍ഡറാകുന്നു

ബഹിരാകാശ നിലയത്തിലെത്തി മൂന്ന് മാസങ്ങള്‍ക്ക് സുനിത വില്യംസിനെ തേടി ആ അംഗീകാരമെത്തി. പരിചയസമ്പത്ത് മുന്‍നിര്‍ത്തി ഐഎസ്എസിന്റെ കമാന്‍ഡര്‍ സ്ഥാനം സുനിത വില്യംസിന് നാസ നല്‍കി. 

സെപ്റ്റംബര്‍ 28- ക്രൂ-9 ലോഞ്ച് ചെയ്തു

നാസയുടെ നിക് ഹേഗ്, റഷ്യയുടെ കോസ്മോണട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെ വഹിച്ച് ക്രൂ-9 ദൗത്യത്തിനായി ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും മടങ്ങിവരാനുള്ള കസേരകള്‍ പേടകത്തില്‍ ഒഴിച്ചിട്ടായിരുന്നു ഈ വിക്ഷേപണം. സുനിതയും ബുച്ചും അങ്ങനെ നിക്കിനും ഗോര്‍ബുനോവിനുമൊപ്പം ക്രൂ-9 ദൗത്യ അംഗങ്ങളായി.

2024 നവംബര്‍ 12- ആരോഗ്യ പ്രശ്‌നങ്ങള്‍ തള്ളി സുനിത വില്യംസ്

ബഹിരാകാശ ജീവിതം നീണ്ടതോടെ സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെ ചൊല്ലി ഏറെ കിംവദന്തികള്‍ പരന്നിരുന്നു. സുനിതയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് സംഭവിച്ചത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും തള്ളിയ സുനിത, നിലയത്തില്‍ എത്തിയപ്പോഴുള്ള അതേ തൂക്കം എനിക്കിപ്പോഴുമുണ്ട് എന്ന് 2024 നവംബര്‍ 12ന് വെളിപ്പെടുത്തി. 

2024 ഡിസംബര്‍ 17- നാസയുടെ കാത്തിരുന്ന പ്രഖ്യാപനം എത്തി

ബുച്ചും സുനിതയും 2025 മാര്‍ച്ച് വരെ നിലയത്തില്‍ തുടരുമെന്നും, ക്രൂ-10 സ്‌പേസ് എക്‌സ് വിക്ഷേപിക്കും വരെ ക്രൂ-9 സംഘാംഗങ്ങള്‍ ഭൂമിയിലേക്ക് മടങ്ങിവരില്ലെന്നും നാസ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലായിരുന്നു ക്രൂ-10 വിക്ഷേപിക്കേണ്ടിയിരുന്നതെങ്കിലും വൈകുമെന്ന് ഇതോടെ ഉറപ്പായി. 

2025 ജനുവരി 30- ചരിത്രമായ ബഹിരാകാശ നടത്തം

2025 ജനുവരി 30ന് സുനിത വില്യംസ് ബഹിരാകാശത്ത് പുത്തന്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വോക്ക് നടത്തിയ വനിത എന്ന നേട്ടത്തിലേക്ക് സുനിത എത്തി. 62 മണിക്കൂറും 9 മിനിറ്റും ബഹിരാകാശത്ത് നടന്ന് റെക്കോര്‍ഡ് സ്ഥാപിച്ച സുനിത നാസയുടെ തന്നെ പെഗ്ഗി വിന്‍സ്റ്റണിനെയാണ് (60 മണിക്കൂറും 21 മിനിറ്റും) പിന്നിലാക്കിയത്. 

2025 മാര്‍ച്ച് 14- ക്രൂ-10 വിക്ഷേപണം

ഫ്‌ളോറിഡയിലെ നാസ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 ദൗത്യം വിക്ഷേപിച്ചു. ഇവര്‍ ഐഎസ്എസില്‍ എത്തിയതോടെ ക്രൂ-9 അംഗങ്ങളായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും നിക് ഹേഗിനും അലക്‌സാണ്ടര്‍ ഗോര്‍ബുനോവിനും ഭൂമിയിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി. 

2025 മാര്‍ച്ച് 17- ക്രൂ-9 അണ്‍ഡോക്കിംഗ്

മാര്‍ച്ച് 17ന് ഇന്ത്യന്‍ സമയം രാവിലെ 10:35ന് ഡ്രാഗണ്‍ ഫ്രീഡം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ക്രൂ-9 ദൗത്യത്തിലെ അംഗങ്ങളായ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. 

2025 മാര്‍ച്ച് 19- ക്രൂ-9 ലാന്‍ഡിംഗ്

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.28-ന് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തി. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ നാല്‍വര്‍ സംഘത്തിന്റെ സുരക്ഷിത ലാന്‍ഡിംഗ്. 

3.28ന് കടല്‍ തൊട്ട ഡ്രാഗണ്‍ ഫ്രീഡം പേടകത്തിനടുത്തേക്ക് ഒട്ടും വൈകാതെ തന്നെ റെസ്‌ക്യൂ ബോട്ടുകള്‍ പാഞ്ഞെത്തി. അവ ചുറ്റും നിന്ന് സംരക്ഷണമൊരുക്കി ഏകദേശം അരമണിക്കൂര്‍ നേരത്തെ ദൗത്യത്തിനൊടുവില്‍ സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ കപ്പലിനടുത്തേക്ക് പേടകത്തെ എത്തിച്ചു. പിന്നീട് ക്രെയിന്‍ മുഖേന സാവധാനം അവ കപ്പലിനകത്തേക്ക് ഉയര്‍ത്തിയെടുക്കുകയായിരുന്നു. ശുദ്ധജലത്തിലെ നീരാട്ടിനൊടുവില്‍ റസ്‌ക്യൂവിദഗ്ദ്ധര്‍ പേടകത്തിനരികിലെത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി പേടകത്തിന്റെ വാതില്‍ തുറന്നപ്പോള്‍ ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ആ ചതുര ദ്വാരത്തിനകത്തേക്കായിരുന്നു.

എന്തായിരിക്കാം പേടകത്തിനകത്ത് സംഭവിക്കുന്നത്. നാല്‍വര്‍സംഘം സുരക്ഷിതരാണോ... ഇങ്ങനെ ചിന്തിച്ച് കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് കൈവീശിക്കൊണ്ട് ആദ്യം നിക് ഹേഗ് ഭൂമിയില്‍ കാലുറപ്പിച്ചു. പിച്ചവച്ച് നടക്കുന്ന ഒരു കുട്ടിയെപ്പോലെ കാലുകള്‍ ഓരോന്നായി കപ്പല്‍തട്ടില്‍ ചവിട്ടി നിക് ഉയര്‍ന്നു നിന്ന് താന്‍ പൂര്‍ണ ആരോഗ്യവാനെന്ന്.... ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു.

പിന്നാലെ റഷ്യയില്‍ നിന്നുള്ള കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് മൂന്നാമതായി സുനിതാ വില്യസും നാലാമതായി ബുച്ച് വില്‍മോറും ഇതേ മാതൃകയില്‍ കപ്പല്‍ തട്ട് തൊട്ട് തങ്ങള്‍ പൂര്‍ണ സന്തോഷവാന്മാരെന്ന് കാണിച്ചുകൊടുത്തു. നാസയുടെ എക്‌സ് ആക്കൗണ്ടിലൂടെ ഉള്‍പ്പെടെ കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് പേര്‍ അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. പിന്നാലെ പ്രത്യകം തയാറാക്കിയ സ്‌ട്രെക്ചറില്‍ അവര്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മടങ്ങി. 45 ദിവസത്തെ ക്വാറന്റൈനും വൈദ്യപരിശോധനയും കഴിഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുവന്ന കുട്ടികളെപ്പോലെ അവര്‍ വീടുകളിലേക്ക് മടങ്ങും.

spacex crew sunitha willams nasa