ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി അഭിമാനമായി മാറിയ സുനിത വില്യംസ് വിരമിച്ചു

ബഹിരാകാശ സഞ്ചാരിയായി സേവനമനുഷ്ഠിച്ചതും ബഹിരാകാശത്തേയ്ക്ക് മൂന്ന് തവണ പറക്കാൻ അവസരം ലഭിച്ചതും അവിശ്വസനീയമായ ഒരു ബഹുമതിയാണ്.എക്സ്പെഡിഷൻ 33-ൽ അവർ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായും പ്രവർത്തിച്ചു

author-image
Devina
New Update
sunitha williams

ന്യൂയോർക്ക്: ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകി അഭിമാനമായി മാറിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് നാഷണൽ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് സുനിത വില്യംസ് വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടാണ് അവർ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.''എന്നെ അറിയുന്ന ആർക്കും ബഹിരാകാശമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് അറിയാം,''- വില്യംസ് പറഞ്ഞു. ബഹിരാകാശ സഞ്ചാരിയായി സേവനമനുഷ്ഠിച്ചതും ബഹിരാകാശത്തേയ്ക്ക് മൂന്ന് തവണ പറക്കാൻ അവസരം ലഭിച്ചതും അവിശ്വസനീയമായ ഒരു ബഹുമതിയാണ്. 

ഞങ്ങൾ സ്ഥാപിച്ച അടിത്തറ ഈ ധീരമായ ചുവടുവയ്പ്പുകൾ കുറച്ചുകൂടി എളുപ്പമാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നാസയും അതിന്റെ പങ്കാളി ഏജൻസികളും അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഞാൻ വളരെ ആവേശത്തിലാണ്, ഏജൻസി ചരിത്രം സൃഷ്ടിക്കുന്നത് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല.''- സുനിത വില്യംസ് പറഞ്ഞു.

വില്യംസിന്റെ അവസാന ബഹിരാകാശ ദൗത്യത്തിൽ ബോയിംഗിന്റെ ദൗർഭാഗ്യകരമായ കാപ്‌സ്യൂൾ പരീക്ഷണ പറക്കലും ഉൾപ്പെടുന്നു. സുനിത വില്യംസ് മാസങ്ങളോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങാൻ ഇത് കാരണമായി. അടുത്തിടെ നാസ വിട്ടുപോയ അവരുടെ സഹപ്രവർത്തകൻ ബുച്ച് വിൽമോറിന്റെ വിരമിക്കലിന് പിന്നാലെയാണ് സുനിത വില്യംസും നാസയോട് വിട പറഞ്ഞത്.2006 ഡിസംബറിൽ STS-116 ദൗത്യത്തിന്റെ ഭാഗമായി ഡിസ്‌കവറി സ്പേസ് ഷട്ടിലിൽ സുനിത ആദ്യമായി ബഹിരാകാശത്തേക്ക് പോയി.

 STS-117 സംഘത്തോടൊപ്പം സ്പേസ് ഷട്ടിൽ അറ്റ്ലാന്റിസിൽ തിരിച്ചെത്തി. ഈ ദൗത്യത്തിൽ സുനിത ഫ്ളൈറ്റ് എൻജിനിയറായാണ് പ്രവർത്തിച്ചത്. 2012ൽ കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് 127 ദിവസത്തെ എക്സ്പെഡിഷൻ 32/33 ദൗത്യത്തിന്റെ ഭാഗമായി അവർ രണ്ടാമതും ബഹിരാകാശത്തേക്ക് പോയി. എക്സ്പെഡിഷൻ 33-ൽ അവർ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായും പ്രവർത്തിച്ചു.

2024 ജൂണിൽ നാസയുടെ ബോയിങ് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി വില്യംസും വിൽമോറും സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ യാത്രതിരച്ചു. എക്സ്പെഡിഷൻ 72-ൽ വില്യംസ് വീണ്ടും ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി. ഈ ദൗത്യത്തിൽ അവർ രണ്ട് സ്പേസ് വാക്ക് പൂർത്തിയാക്കി. 2025 മാർച്ചിൽ ഏജൻസിയുടെ സ്പേസ്എക്സ് ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്ക് തിരിച്ചെത്തി.

മസാച്യുസെറ്റ്‌സിലെ നീധാം സ്വദേശിയായ അവർ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവൽ അക്കാദമിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദവും ഫ്‌ലോറിഡയിലെ മെൽബണിലുള്ള ഫ്‌ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.