/kalakaumudi/media/media_files/2025/09/09/sanju-2025-09-09-14-52-08.jpg)
ദുബായ്: ഏഷ്യാ കപ്പിൽ നാളെ യുഎഇക്കെതിരായ മത്സരത്തിൽ ആരാകും ഇന്ത്യയുടെ ഓപ്പണർ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടൂർണമെൻറിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിലാണ് ആരാകും യുഎഇക്കെതിരെ ഇന്ത്യയുടെ ഓപ്പണർമാരാകുക എന്ന ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചത്.. സഞ്ജു സാംസൺ ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തിന് സാർ, പ്ലേയിംഗ് ഇലവൻ ഞാൻ താങ്കൾക്ക് മെസേജ് ചെയ്ത് തരാമെന്നായിരുന്നു സൂര്യയുടെ തമാശകലർന്ന മറുപടി. സഞ്ജു ഓപ്പണറായി ടീമിലുണ്ടാവുമോ എന്ന ചോദ്യത്തിന് ഞങ്ങളവനെ നല്ലപോലെ നോക്കുന്നുണ്ട്, ഒരു ആശങ്കയും വേണ്ട, നാളെ ഞങ്ങൾ ശരിയായ തീരുമാനമെടുക്കുമെന്നും സൂര്യകുമാർ യാദവ് മറുപടി നൽകി.പാകിസ്ഥാനെതിരായ മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാ മത്സരത്തിലും ആക്രമണോത്സുകതയോടെ കളിക്കാനാണ് ടീം ശ്രമിക്കുന്നതെന്നും ആക്രമണോത്സുകതയില്ലാതെ ഒരു ടീമിനും ഗ്രൗണ്ടിലിറങ്ങാനാവില്ലെന്നുമായിരുന്നു സൂര്യകുമാറിൻറെ മറുപടി. ഏഷ്യാ കപ്പിൽ ഇന്ത്യയാണോ ഫേവറൈറ്റുകൾ എന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലെന്ന് സൂര്യകുമാർ മറുപടി നൽകി. ഏഷ്യാ കപ്പിന് മികച്ച തയാറെടുപ്പോടെയാണ് ഇന്ത്യൻ ടീം എത്തിയിരിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
ജനുവരി-ഫെബ്രുവരിയിലാണ് ടീം അവസാനം ടി20 പരമ്പര കളിച്ചത്. അതിനുശേഷം ടീം അംഗങ്ങളെല്ലാം ഐപിഎല്ലിൽ കളിച്ചു. കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് ടീം അംഗങ്ങൾ ഒരുമിച്ച് കളിക്കാനിറങ്ങുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ടി20 ക്രിക്കറ്റിൽ ഫേവറൈറ്റുകളില്ലെന്നായിരുന്നു പാക് നായകൻ സൽമാൻ ആഗയുടെ പ്രതികരണം. ഒന്നോ രണ്ടോ ഓവറുകൾക്കിടയിൽ കളിയുടെ ഗതി തന്നെ മാറിമറിയാമെന്നും തങ്ങളുടേതായ ദിവസം ഏത് ടീമിനും ഏത് ടീമെനയും തോൽപ്പിക്കാൻ കഴിയുമെന്നും പാക് ക്യാപ്റ്റൻ വ്യക്തമാക്കി. ഇന്ന് അഫ്ഗാനിസ്ഥാൻ-ഹോങ്കോംഗ് പോരാട്ടത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പിൽ നാളെ യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.