സുശീല കാര്‍ക്കി നേപ്പാളിന്റെ പ്രധാനമന്ത്രി

2016 ജൂലൈ 11 ന് ആയിരുന്നു സുശീല കാര്‍ക്കി നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റിരുന്നത്. രാജ്യത്ത് ഈ പദവിയില്‍ എത്തുന്ന പ്രഥമ വനിത ആയിരുന്നു സുശീല. അഴിമതി കേസുകളില്‍ കഠിനമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നേപ്പാളില്‍ പ്രശസ്തയായാണ് സുശീല കാര്‍ക്കി

author-image
Biju
New Update
sushila

കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ചുമതലയേല്‍ക്കും. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് 73കാരിയായ സുശീല കര്‍ക്കി.  
നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വീഴ്ത്തിയ 'ജെന്‍ സീ' പ്രതിഷേധത്തിന്റെ മുന്‍നിരക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സുശീല കാര്‍ക്കിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത്.

'ജെന്‍ സീ' യോഗത്തില്‍ സുശീല കാര്‍ക്കിയും പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍ യോഗത്തില്‍ കുറഞ്ഞത് ആയിരം പേരുടെയെങ്കിലും പിന്തുണ കിട്ടിയെങ്കില്‍ മാത്രമേ താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കൂ എന്നായിരുന്നു സുശീല കാര്‍ക്കിയുടെ അഭിപ്രായം. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ സുശീല കാര്‍ക്കിയെ പിന്തുണച്ച് ഒപ്പുകള്‍ നല്‍കി.

2016 ജൂലൈ 11 ന് ആയിരുന്നു സുശീല കാര്‍ക്കി നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റിരുന്നത്. രാജ്യത്ത് ഈ പദവിയില്‍ എത്തുന്ന പ്രഥമ വനിത ആയിരുന്നു സുശീല. അഴിമതി കേസുകളില്‍ കഠിനമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നേപ്പാളില്‍ പ്രശസ്തയായാണ് സുശീല കാര്‍ക്കി. നിലവില്‍ 73 വയസ്സുകാരിയായ സുശീല ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്.

ആരാണ് സുശീല കാര്‍കി?

നേപ്പാളില്‍ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ഏക വനിത.

1952 ജൂണ്‍ 7-ന് നേപ്പാളിലെ ബിരാട്ട്‌നഗറിലുള്ള കര്‍ഷക കുടുംബത്തില്‍ ജനനം. 1959 മുതല്‍ 1960 വരെ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ബിപി കൊയ്രാളയുടെ ബന്ധു.

മഹേന്ദ്ര മോറാങ് ക്യാംപസില്‍ നിന്ന് ബി.എ. (1972), ബനാരസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ. (1975), ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം (1978)

1979ല്‍ നിയമമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ബനാറസില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട, നേപ്പാളി കോണ്‍ഗ്രസിലെ പ്രമുഖ യുവ നേതാവായിരുന്ന ദുര്‍ഗ പ്രസാദ് സുബേദിയെ വിവാഹം കഴിച്ചു.

2007-ല്‍ സീനിയര്‍ അഭിഭാഷകയായി.

2009 ജനുവരി 22ന് സുപ്രീംകോടതിയില്‍ അഡ്ഹോക് ജസ്റ്റിസായി നിയമിതയായി.

2010 നവംബര്‍ 18ന് സ്ഥിരം ജസ്റ്റിസായി ഉയര്‍ന്നു.

ജസ്റ്റിസ് സുശീല കാര്‍കിയുടെ കാലാവധിയില്‍, അന്നത്തെ വാര്‍ത്താവിതരണ മന്ത്രി ജയപ്രകാശ് പ്രസാദ് ഗുപ്ത അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു.

2016 ഏപ്രില്‍ 13 മുതല്‍ ജൂലൈ 10 വരെ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിച്ചു.

2016 ജൂലൈ 11ന് ചീഫ് ജസ്റ്റിസായി നിയമനം.

അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.

അഴിമതി വിരുദ്ധ സ്ഥാപനത്തിന്റെ മേധാവിയെ യോഗ്യതാ മാനദണ്ഡങ്ങളുടെ പേരില്‍ പുറത്താക്കാന്‍ പക്ഷപാതപരമായ വിധി പുറപ്പെടുവിച്ചു എന്നാരോപിച്ച്, ഭരണകക്ഷികളായ നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ പാര്‍ട്ടികള്‍ 2017 ഏപ്രിലില്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം സമര്‍പ്പിച്ചു. പൊതുജന സമ്മര്‍ദത്തെയും പാര്‍ലമെന്റിന്റെ നടപടികള്‍ തടഞ്ഞുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെയും തുടര്‍ന്ന് പ്രമേയം പിന്നീട് പിന്‍വലിച്ചു.

2017 ജൂണ്‍ 7 ന് വിരമിച്ചു

2018-ല്‍ 'ന്യായ' എന്ന ആത്മകഥയും, 2019-ല്‍ 'കര' എന്ന നോവലും പ്രസിദ്ധീകരിച്ചു. 1990  കളിലെ പഞ്ചായത്ത് ഭരണകാലയളവില്‍ അവര്‍ തടവുശിക്ഷ അനുഭവിച്ച ബിരാട്ട്‌നഗര്‍ ജയിലിനെ ആസ്പദമാക്കിയാണ് 'കര' എന്ന നോവല്‍ രചിച്ചത്.

Sushila Karki